കോതമംഗലം മൂവാറ്റുപുഴ റോഡിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് വിദ്യാർഥികൾക്ക് സാരമായ പരിക്കേറ്റു. പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജ് ബി.സി.എ ഫൈനൽ വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്.
ആലപ്പുഴ തലവടി ആനപ്രാമ്പാൽ സ്വദേശി കൊച്ചുമോൻ - സിന്ധു ദമ്പതികളുടെ മകൻ വിഷ്ണു (21) ആണ് മരിച്ചത്. കൂടെ ബൈക്കിൽ സഞ്ചരിച്ചിരുന്ന പത്തനംതിട്ട സ്വദേശി ആരോമൽ (20), തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി ആദിത്യൻ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ (ചൊവ്വാഴ്‌ച) രാത്രിയാണ് അപകടം.
മൂവാറ്റുപുഴയിലേക്ക് ഭക്ഷണം കഴിക്കാനായി പോകുകയായിരുന്നു മൂവരും. ഓടിക്കൂടിയ നാട്ടുകാരാണ് മൂവരേയും മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചത്. ബൈക്കിന് സമീപം തടികയറ്റി വന്ന ഒരു ലോറി നിർത്തിയിട്ടുണ്ട്. ബൈക്കും ലോറിയും ഇടിച്ചാണ് അപകടമെന്നാണ് പോലീസിൻ്റെ നിഗമനം. അപകട കാരണം പൊലീസ് അന്വേഷിച്ച് വരുന്നു.
മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ച ആരോമലിനെയും ആദിത്യനെയും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആദിത്യൻ അബോധവസ്ഥയിലാണ്. കാല് ഒടിഞ്ഞ ആരോമൽ ബോധം പൂർണമായും വീണ്ടെടുത്തിട്ടില്ലെന്നാണ് വിവരം. വിഷ്ണുവിൻ്റെ സംസ്കാരം വ്യാഴാഴ്ച പകൽ 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
