വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന: കണ്ടെത്താൻ കഴിയാത്തവർക്കായി അധിക സമയം: സി.ഇ.ഒ

വോട്ടർപ്പട്ടിക തീവ്ര പുന:പരിശോധനയിൽ (എസ്.ഐ.ആർ) സമയപരിധി നീട്ടിയത് കണ്ടെത്താൻ കഴിയാത്തവരെ അന്വേഷിച്ച് കരട് പട്ടികയിൽ ഉൾപ്പെടുത്താനാണെന്ന്  സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.കേൽക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതുവരെയുള്ള വിവരമനുസരിച്ച് പത്ത് ലക്ഷത്തോളം പേർ  പുറത്തുപോകുമെന്നാണ് കണക്കാക്കുന്നത്.  മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, കണ്ടെത്താനാകാത്തവർ, ആൾറെഡി എൻറോൾഡ് എന്ന് അറിയിച്ചവർ, എന്യൂമറേഷൻ ഫോം തിരികെ നൽകാത്തവർ എന്നിവരാണിത്. 

അധികമായി ലഭിച്ച ഒരാഴ്ച‌യ്ക്കകം തിരികെ ലഭിക്കാത്ത ഫോം വാങ്ങുന്നതിന് പ്രയോജനപ്പെടും. നഗരങ്ങളിലാണ് കൂടുതൽ പേരും ഫോം മടക്കി നൽകാത്തത്.

ബൂത്ത് അടിസ്ഥാനത്തിൽ ബി.എൽ.ഒമാരുടെ യോഗം നടത്തും. യോഗത്തിൽ ബൂത്ത് ലെവൽ ഏജൻ്റുമാർക്ക് ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കാം. അനർഹരെ ഉൾപ്പെടുത്തിയതായി പരാതിയുണ്ടെങ്കിൽ അക്കാര്യവും അറിയിക്കാം.

2002 ലെ വോട്ടർ പട്ടികയിലെ വിവരങ്ങൾ ചിലർക്ക് ലഭിച്ചിട്ടില്ല. 2002ലെ വിവരങ്ങൾ കണ്ടെത്താനും നീട്ടിക്കിട്ടിയ സമയം പ്രയോജന പ്പെടുത്തും.

പുതിയ വോട്ടർമാരെ ചേർക്കാനുള്ള ഡ്രൈവ് സംഘടിപ്പിക്കും. ഡിജിറ്റൈസേഷൻ 100 ശതമാനം പൂർത്തിയായിടത്ത് ബി.എൽ.ഒമാർക്ക് പേര് ചേർക്കുന്നതിനുള്ള ഫോം 6 പൂരിപ്പിച്ച് വാങ്ങാം. കരട് പട്ടിക പ്രസിദ്ധീകരിച്ച ശേഷമാകും ഇവരെ പരിഗണിക്കുകയെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. കൃത്യമായ ട്രാക്കിലായിരുന്നു കേരളത്തിലെ എസ്.ഐ.ആർ നടപടികളെന്നും സമയം നീട്ടിക്കിട്ടിയില്ലെങ്കിലും പൂർത്തികരിക്കാനാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളം ഉൾപ്പെടെ 12 സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനുള്ള (SIR) സമയപരിധി നീട്ടിയത്. നേരത്തെ, ഡിസംബർ 4 ആയിരുന്നു പ്രക്രിയ പൂർത്തിയാക്കാനുള്ള അവസാന തീയതിയായി കമ്മീഷൻ നിശ്ചയിച്ചത്. പുതുക്കിയ ഷെഡ്യൂൾ പ്രകാരം, എന്യൂമറേഷൻ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 11 ആണ്.  വോട്ടർ പട്ടികയുടെ പുതുക്കിയ കരട് പട്ടിക ഡിസംബർ 16ന് പ്രസിദ്ധീകരിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം