വയനാട് പുൽപ്പള്ളി ദേവർഗദ്ദ ഉന്നതിയിലെ കൂമനെ (മാരൻ) യാണ് കടുവ കൊന്നത്. വണ്ടിക്കടവ് ചെത്തിമ്മറ്റത്താണ് ദാരുണ സംഭവം.
കേരള- കർണാടക അതിർത്തി വനമേഖലയായ കന്നാരം പുഴയുടെ സമീപത്തും വനത്തിലും മുമ്പ് പലവട്ടം കടുവയെ കണ്ടിട്ടുണ്ടെങ്കിലും ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുന്നത് രണ്ടാമത്തെ സംഭവമാണ്.
പ്രദേശത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ ചീയമ്പം 73ൽ കഴിഞ്ഞ ദിവസം കടുവ പോത്തിനെ പിടിച്ചിരുന്നു. തുടർന്ന് വനം വകുപ്പ് പ്രദേശത്ത് പട്രോളിങ് ശക്തമാക്കുകയും ക്യാമറ സ്ഥാപിക്കുകയും ചെയ്‌തു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ചെത്തി മറ്റത്ത് ആക്രമണമുണ്ടായത്.
ബന്ധുവായ കുള്ളിയോടൊപ്പം കൂമൻ വിറക് ശേഖരിക്കാൻ വനത്തിലേക്ക് പോയതായിരുന്നു. ദേവർഗദ്ധ ഉന്നതയിൽ നിന്ന് പ്രഭാത് കവലയിൽ എത്തിയ ശേഷം കന്നാരംപുഴയുടെ തീരത്തുടെ ചെത്തിമറ്റം ഭാഗത്ത് എത്തുകയായിരുന്നു.
കുള്ളി പുഴയിലായിരുന്നപ്പോൾ വിറക് കെട്ടാനുള്ള വള്ളി വെട്ടാനാണ് കൂമൻ വനത്തിലേക്ക് കയറിയത്. അൽപ്പസമയത്തിനകം കൂമന്റെ കരച്ചിൽ കേട്ട് കുള്ളി ഓടിയെത്തിയപ്പോഴേക്കും കടുവ കൂമനെ കടിച്ചുവലിച്ച് വനത്തിനുള്ളിലേക്ക് കൊണ്ടുപോയിരുന്നു.
വയനാട് വന്യജീവി സങ്കേതം പരിധിയിലാണ് പ്രദേശം. മൃതദേഹം വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് എത്തിച്ചപ്പോഴേക്കും നൂറുകണക്കിനാളുകൾ നിലവിളിയോടെ തടിച്ചു കൂടി. കടുവയെ ഉടൻ പിടികൂടണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് മൃതദേഹം തടഞ്ഞുവച്ച് നാട്ടുകാർ പ്രതിഷേധമുയർത്തി.
തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, എ.സി.എഫ് എം .ജോഷിൽ, ബത്തേരി ഡി.വൈ.എസ്.പി എ.ജെ ജോൺസൺ, തഹസിൽദാർ ബി.പ്രശാന്ത് തുടങ്ങിയവർ നാട്ടുകാരുമായി ചർച്ച നടത്തി. തുടർന്ന് മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി കൊണ്ടുപോകാൻ തീരുമാനിച്ചു.
ജനുവരിയിൽ സമീപ പ്രദേശങ്ങളായ ആടിക്കൊല്ലി, അമരക്കുനി, ഊട്ടിക്കവല പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ കടുവ ഇറങ്ങി ആടുകളെ കൊന്നിരുന്നു. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് അന്ന് കടുവയെ വനം വകുപ്പ് കൂടുവച്ച് പിടികൂടിയത്. 2020 ജൂണിൽ പുൽപ്പള്ളി കതവാക്കുന്നിൽ ബസവൻ കൊല്ലിയിൽ ശിവൻ എന്നൊരാളെ കടുവ കൊന്നിരുന്നു. നരഭോജികളായ വന്യമൃഗങ്ങളുടെ ഭീതിയിലാണ് പ്രദേശം.
