സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കലിന്റെ പേരിൽ അർഹരായ വോട്ടർമാർ കൂട്ടത്തോടെ ഒഴിവാക്കപ്പെടുന്നതിനെതിരെ ശക്തമായ ഇടപെടലുമായി സംസ്ഥാന സർക്കാർ.
വോട്ടർ പട്ടികയിൽ നിന്ന് വിവിധ കാരണങ്ങളാൽ പുറത്തായവരെ സഹായിക്കാൻ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ച് ഹെൽപ്പ് ഡസ്‌കുകൾ ആരംഭിക്കാൻ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.
അർഹതയുള്ള ഒരു വോട്ടർ പോലും പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നില്ല എന്ന് ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് പട്ടികയിൽ നിന്ന് 24,08,503 പേരാണ് പുറത്തായത്.
ഇതിന് പുറമെ കരട് പട്ടികയിലുള്ള 19,32,000 പേർ വോട്ടവകാശം ഉറപ്പാക്കാൻ രേഖകളുമായി വീണ്ടും ഹിയറിങ്ങിന് ഹാജരാകേണ്ട അവസ്ഥയുണ്ട്. 18 മുതൽ 40 വയസ്സുവരെയുള്ളവർ തങ്ങളുടെ ബന്ധുത്വം 2002ലെ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കണമെന്ന കടുത്ത നിബന്ധനയാണ് കമ്മീഷൻ മുന്നോട്ട് വെച്ചിരിക്കുന്നത്.
മുൻ തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്‌തവർ പോലും ഇത്തരത്തിൽ പുറത്താക്കപ്പെടുന്നത് ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്ന് സർക്കാർ വിലയിരുത്തി.
ഓരോ വില്ലേജ് ഓഫീസിലും ഹെൽപ്പ് ഡെസ്‌കുകൾ ആരംഭിക്കും. പൊതുജനങ്ങളെ സഹായിക്കാൻ രണ്ട് ഉദ്യോഗസ്ഥരെ വീതം താൽക്കാലിക ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയോഗിക്കാൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തി.
തീരദേശ മേഖലകൾ, മലയോര മേഖലകൾ, പിന്നോക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി അർഹരായവരെ കണ്ടെത്തി സഹായം നൽകും. ഇതിനായി അങ്കണവാടി- ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തും.
18 വയസ്സ് പൂർത്തിയായ വിദ്യാർത്ഥികൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. തിരഞ്ഞെടുപ്പ് പടിവാതുക്കൽ എത്തി നിൽക്കെ കമ്മീഷൻ നടത്തുന്ന അതിതീവ്ര പരിശോധന അനാവശ്യ ധൃതിയിലുള്ളതാണെന്ന് സർക്കാർ ചൂണ്ടിക്കാട്ടി.
