പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോകൽ : പ്രതികളെ കണ്ടെത്താൻ അന്വേഷണം ബന്ധുക്കളിലേക്കും

പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ ഷൊർണൂർ ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പാലക്കാട്, മലപ്പുറം ജില്ലകളിലായി വ്യാപക അന്വേഷണം തുടരുന്നു. 

ഈ കേസിൽ കൂടുതൽ തുമ്പ് ലഭിക്കുന്നതിനായി വ്യവസായിയുടെ ബന്ധുക്കളെ കഴിഞ്ഞ ദിവസം ഷൊർണൂർ ഡി.വൈ.എസ്‌.പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു.

ശതകോടീശ്വരനായ പ്രവാസി വ്യവസായി വി.പി. മുഹമ്മദലിയുടെ യാത്രാ വിവരം അറിയുന്നവരേയും അത് ക്വട്ടേഷൻ സംഘത്തിന് നൽകിയവരേയും കുറിച്ചാണ് പോലീസ് അന്വേഷിക്കുന്നത്.

യാത്രാമധ്യേ കാറിൽ നിന്ന് തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയവരെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പ്രതികൾ ഒളിവിലാണ്.

ഈ കേസിൽ പനമണ്ണ സ്വദേശി അഭിജിത്തിനെ (26)  അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളിൽ പോലീസിനെ കുത്തിയ കേസിലെ പ്രതിയുൾപ്പെടെ ക്വട്ടേഷൻ സംഘത്തിലുണ്ടെന്നാണ് വിവരം.

കേരളത്തിലും വിദേശത്തും ആശുപത്രി ശൃംഖലകളുടെ ഉടമയും ഇന്റർനാഷണൽ സ്‌കൂളുകളുടെ ചെയർമാനുമാണ് വി.പി. മുഹമ്മദലി.

കുടുംബസമേതം സൗദിയിൽ സ്ഥിരതാമസക്കാരനാണ് മുഹമ്മദലി. സംഭവത്തിന് പിന്നിൽ സാമ്പത്തിക ഇടപാടുകളാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. ക്വട്ടേഷൻ സംഘത്തിന്റെ പിടിയിലായശേഷം വിദേശത്തുള്ള നമ്പറിലേക്ക് 70കോടി രൂപ നൽകണമെന്ന രീതിയിൽ മുഹമ്മദലി ശബ്ദ സന്ദേശം അയച്ചതും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

വാണിയംകുളത്തെ ആശുപത്രിയിൽ ചികിത്സയിലുള്ള വി.പി. മുഹമ്മദലിക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം