പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അതിഥി തൊഴിലാളിയുടെ മരണം. ഛത്തീസ്‌ഗഡ് സ്വദേശി രാമനാരായണൻ ഭയ്യാരാണ് (31) മരിച്ചത്. സംഭവത്തിൽ ഒമ്പതുപേരെ വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘം ചേർന്ന് മർദ്ദിച്ചതിനാണ് കേസെടുത്തത്.
ഇന്നലെ (ബുധൻ) വൈകിട്ട് ആറ് മണിക്ക് കള്ളനെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദ്ദനം. വ്യാപാര സ്ഥാപനത്തിലും വീടുകൾക്ക് സമീപവും സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടെത്തിയ ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഒരു കൂട്ടമാളുകൾ മർദ്ദിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന രാമനാരായണൻ ഭയ്യാർ രക്തം ഛർദ്ദിച്ച് കുഴഞ്ഞുവീണു.
നാട്ടുകാരും പൊലീസും ചേർന്ന് ജില്ലാ ആശുപത്രിയിലെത്തിച്ചു. ചികിത്സയ്ക്കിടെയാണ് മരണം. ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമായാലേ മരണ കാരണം വ്യക്തമാകൂവെന്ന് വാളയാർ പോലീസ് പറഞ്ഞു. മൃതദേഹം പോസ്‌റ്റ്‌മോർട്ടത്തിന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
