ആറങ്ങോട്ടുകര സെൻ്ററിലെ റോഡ് നവീകരണം വേഗത്തിൽ പൂർത്തിയാക്കണമെന്ന് വ്യാപാരികൾ

ചെറുതുരുത്തി - പൊന്നാനി സംസ്ഥാന പാത കടന്നുപോകുന്ന ആറങ്ങോട്ടുകര സെൻ്ററിൽ നടക്കുന്ന നവീകരണ പ്രവർത്തനം മൂന്നു മാസമായി മന്ദഗതിയിലാണ്.  ദേശമംഗലം, വരവൂർ, തിരുമിറ്റക്കോട് എന്നീ മൂന്ന് ഗ്രാമ പഞ്ചായത്തുകളുടെ സംഗമ കേന്ദ്രം കൂടിയാണ് ആറങ്ങോട്ടുകര സെൻ്റർ.

ഇവിടെ കൾവർട്ടിൻ്റേയും അഴുക്കുചാലിൻ്റേയും നിർമ്മാണം പൂർത്തിയായെങ്കിലും വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലുള്ള കാനകളുടെ മുകളിൽ പലഭാഗത്തും സ്ലാബുകൾ സ്ഥാപിക്കാത്തതുകൊണ്ട് കാൽനട യാത്രക്കാർക്കും, വ്യാപാര സ്ഥാപനത്തിലേക്ക് വരുന്ന കുട്ടികൾ അടക്കമുള്ളവർക്കും അപകട സാധ്യത കൂടുതലാണെന്നും,  അര കിലോമീറ്ററോളം ദൂരം പാതയിൽ മെറ്റൽ പൊന്തി കാൽനടയാത്ര പോലും ദുഷ്ക്കരമാണെന്നും ഇത് ഗതാഗതക്കുരുക്കിന് ഇടയാക്കുന്നുണ്ടെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

എത്രയും വേഗത്തിൽ നവീകരണ പ്രവൃത്തി പൂർത്തിയാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റിന്റെ നേതൃത്വത്തിൽ തൃത്താല PWD അസിസ്റ്റൻ്റ് എൻജിനീയർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. 

ആയിരങ്ങൾ പങ്കെടുക്കുന്ന മുല്ലക്കൽ ഭഗവതി ക്ഷേത്രോത്സവം ഡിസംബർ 31 മുതൽ ജനുവരി 2 വരെ മൂന്ന് ദിവസങ്ങളിലായി നടക്കാനിരിക്കെ റോഡിൻ്റെ നവീകരണം പൂർത്തിയാവാത്തത് നാട്ടുകാർക്കും വ്യാപാരികൾക്കും ഒരു പോലെ പ്രയാസമാണെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആറങ്ങോട്ടുകര യൂണിറ്റ് പ്രസിഡണ്ട് എ.കെ. അബൂബക്കർ, കോ-ഓഡിനേറ്റർ അഷ്റഫ് ദേശമംഗലം, ജോ.സെക്രട്ടറി പി.കെ.രാമചന്ദ്രൻ, എക്സിക്യൂട്ടീവ് അംഗം എം.മൊയ്തീൻ എന്നിവർ പറഞ്ഞു.

ഇക്കാര്യങ്ങൾ ഉന്നയിച്ചാണ്  വ്യാപാരികളുടെ നേതൃത്വത്തിൽ തൃത്താല പൊതുമരാമത്ത് വകുപ്പ്  അധികാരികൾക്ക് നിവേദനം നൽകിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം