ചിരിയിലൂടെ ചിന്തിക്കാൻ പ്രേരിപ്പിച്ച ബഹുമുഖ പ്രതിഭ ശ്രീനിവാസൻ്റെ ഭൗതിക ശരീരം നാളെ സംസ്കരിക്കും. ശ്രീനിവാസന്റെ മരണം ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു. ഡയാലിസിസിനായി കൊച്ചിയിലെ അമൃത ആശുപത്രിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.
ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ഉദയംപേരൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. ഒരു മണി മുതൽ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനം.
സംസ്കാരം നാളെ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ ഉദയംപേരൂരിലെ വീട്ടുവളപ്പിൽ. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.
ബഹുമുഖ പ്രതിഭയായ ശ്രീനിവാസൻ്റെ മരണ വാർത്തയറിഞ്ഞ് സിനിമാ രാഷ്ട്രീയ സാമൂഹിക മേഖലയിലുള്ളവർ ആശുപത്രിയിലേക്കെത്തി. മരണവാർത്ത അറിഞ്ഞ് സിനിമാ പ്രവർത്തകർ കൊച്ചിയിലേക്ക് എത്തുകയാണ്. നടൻ മമ്മൂട്ടി, ഭാര്യ സുൽഫത്തിനൊപ്പം ശ്രീനിവാസൻ്റെ വീട്ടിലെത്തി.
