അട്ടപ്പാടിയിലെ മധുവിന് പിന്തുടർച്ചക്കാരനായി ഛത്തീസ്ഗഡ് സ്വദേശി രാമനാരായണ ഭയ്യാൽ !

അട്ടപ്പാടിയിലെ മധുവിനെ ആരും മറന്നിട്ടില്ല. അരി മോഷ്ടിച്ചെന്നാരോപിച്ച് ആൾക്കൂട്ട വിചാരണ നേരിട്ട് ജീവൻ ബലികൊടുത്ത ആദിവാസി യുവാവ്. മറ്റൊരു മധു ഉണ്ടാവരുതേ എന്ന കേരളത്തിൻ്റെ പ്രാർത്ഥനയും വെറുതെയായി. ഒന്നും അവസാനിക്കുന്നില്ല. എല്ലാ ദുരന്തസ്മരണകളും തുടർക്കഥകളായി മാറുകയാണ്. ഇപ്പോഴിതാ മധുവിൻ്റെ പിൻഗാമിയായി മറ്റൊരു യുവാവിനും ജീവൻ നഷ്ടമായിരിക്കുന്നു.

ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട അതിഥി തൊഴിലാളി ഛത്തീസ്ഗഡ് സ്വദേശി രാമനാരായണൻ ഭയ്യാൽ നേരിട്ടത് ക്രൂരമർദ്ദനമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ആന്തരികാവയവങ്ങളിലേറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണ കാരണമെന്ന് പ്രാഥമിക  റിപ്പോർട്ടിൽ സൂചിപ്പിക്കുന്നതായി വാളയാർ പൊലീസ് പറയുന്നു. പൂർണ റിപ്പോർട്ട് രണ്ടുനാൾക്കകം ലഭിക്കും. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം.

രാമനാരായൺ ഭയ്യാലിന്റെ ശരീരത്ത് അടിയേറ്റ് കേടുപാടില്ലാത്ത ഒരിടംപോലും കാണാനായില്ലെന്ന് പോസ്റ്റ്മോർട്ടം ചെയ്‌ത പൊലീസ് സർജൻ പറഞ്ഞു. പിന്നാമ്പുറത്തും നെഞ്ചിലും കൈകാലുകളിലും തലച്ചോറിലും ഉൾപ്പെടെ പത്തിലേറെ ഭാഗങ്ങളിൽ മർദ്ദനത്തിൻ്റെ അടയാളമുണ്ട്. കൂട്ടമർദ്ദനം അത്രയേറെ ക്രൂരമായിരുന്നുവെന്നും ഒരാളെങ്കിലും തടഞ്ഞിരുന്നുവെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്നും ഡോക്ടർ പറഞ്ഞു. 

രാമനാരായണൻ ഭയ്യാലിൻ്റെ കൊലപാതകത്തിൽ  അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കിഴക്കേ അട്ടപ്പള്ളം സ്വദേശി അനന്തൻ (55), അട്ടപ്പള്ളം കല്ലങ്കാട് സ്വദേശി എ.അനു (38), മഹാളിക്കാട് സ്വദേശികളായ സി.പ്രസാദ് (34), സി.മുരളി (38), കിഴക്കേ അട്ടപ്പള്ളം കെ.ബിബിൻ (30) എന്നിവരെയാണ് അറസ്റ്റ് ചെയ്‌തത്‌. ഇവരിൽ നാല് പേർ ബി.ജെ.പി പ്രവർത്തകരാണെന്ന് പറയപ്പെടുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു.

ബുധൻ വൈകിട്ട് ആറിനാണ് കിഴക്കേ അട്ടപ്പള്ളത്ത് മോഷ്ടാവെന്ന് സംശയിച്ച് ഛത്തീസ്‌ഗഡ് ബിലാസ്‌പുർ സ്വദേശി രാമനാരായണൻ ഭയ്യാറിനെ (31) ആൾക്കൂട്ടം ആക്രമിച്ചത്. മദ്യലഹരിയിലായിരുന്ന ഭയ്യാർ രക്തം ഛർദിച്ച് കുഴഞ്ഞു വീഴുകയായിരുന്നു. നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ബുധനാഴ്ച രാത്രി മരിച്ചു. ഒരു മാസം മുൻപ് കഞ്ചിക്കോട് കിൻഫ്ര പാർക്കിനു സമീപം ജോലിക്കെത്തിയതാണ് ഭയ്യാർ. ഇയാളുടെ പോക്കറ്റിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിലൂടെ ബന്ധുക്കളെ വിവരമറിയിച്ചു.

ആൾക്കൂട്ടം അതിഥി തൊഴിലാളിയെ മർദ്ദിക്കുന്നതിൻ്റെ കൂടുതൽ വീഡിയോകൾ പൊലീസ് കണ്ടെത്തി. ആളുകൾ മൊബൈലിൽ പകർത്തിയതും പ്രചരിപ്പിച്ചതുമായ ദൃശ്യങ്ങളാണിവ. മർദ്ദിക്കുമ്പോൾ ഇരുപതോളം പേർ ഇയാൾക്ക് ചുറ്റുമുണ്ടായിരുന്നെന്ന് ദൃശ്യങ്ങളിൽ വ്യക്‌തമാണെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പ്രതികൾ അറസ്റ്റ‌ിലാകുമെന്ന് പോലീസ് പറഞ്ഞു.

മധുവിനെ ക്രൂരമായി മർദ്ദിച്ചുകൊലപ്പെടുത്തിയ ആൾക്കൂട്ട വിചാരണയ്ക്ക് എതിരെ ഒറ്റക്കെട്ടായി കേരളം ശബ്ദിച്ചിരുന്നു. വർഷങ്ങൾ നീണ്ട വിചാരണയ്ക്ക് ഒടുവിൽ ഒന്നാം പ്രതി ഹുസൈൻ ഉൾപ്പെടെ 13 പ്രതികൾക്ക് 7 വർഷം തടവും 16-ാം പ്രതി മുനീറിനു 3 മാസം തടവുമാണു ശിക്ഷ നൽകിയത്. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൽ കരിം എന്നിവരെ വിട്ടയയ്ക്കുകയും ചെയ്തു. വിചാരണ വേളയിൽ പ്രതികൾ മധുവിൻ്റെ അമ്മ മല്ലിയെ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായി. പണം നൽകിയും ഭീഷണിപ്പെടുത്തിയും ഇവരെ നിശബ്ദ‌രാക്കാനാണ് പ്രതികൾ ശ്രമിച്ചത്. ഭീഷണിപ്പെടുത്തിയെന്ന കേസിൽ 2025 ഏപ്രിലിലാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ സർക്കാർ നിയമിച്ചത്. 

മധുവിനു നിതി ലഭിക്കാൻ ഒറ്റക്കെട്ടായി നിന്ന കേരളം സമാന ദുരന്തം നേരിട്ട അതിഥി തൊഴിലാളിക്ക് നീതി നൽകുമോയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം