തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തിന് കാത്തു നിൽക്കാതെ സ്ഥാനാർത്ഥികൾ മരണപ്പെട്ടതിനെ തുടർന്ന് മൂന്നിടങ്ങളിൽ വോട്ടെടുപ്പ് മാറ്റി.
പിറവം പാമ്പാക്കുട പഞ്ചായത്ത് പത്താം വാർഡിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥി സി.എസ് ബാബു ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. പിറവം മർച്ചന്റ് അസോസിയേഷൻ മുൻ പ്രസിഡൻ്റും കോൺഗ്രസ് അംഗവുമാണ് സി.എസ് ബാബു. ഷുഗർ നില താഴ്‌ന്നതാണ് മരണ കാരണം. സ്ഥാനാർഥി മരിച്ചതോടെ ഈ വാർഡിലെ വോട്ടെടുപ്പ് ഇലക്ഷൻ കമ്മീഷൻ മാറ്റിവച്ചു. എന്നാൽ ജില്ലാ, ബ്ലോക്ക് ഡിവിഷൻ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ഇന്ന് പോളിംഗ് നടക്കുന്ന കോർപ്പറേഷൻ വാർഡായ വിഴിഞ്ഞം 66-ാം വാർഡിലെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്ന കോട്ടപ്പുറം അഞ്ജു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് അപകടത്തിൽ മരിച്ചതിനെ തുടർന്ന് ഈ വാർഡിലെ വോട്ടെടുപ്പും മാറ്റിവച്ചു.
രണ്ടാം ഘട്ടത്തിൽ വോട്ടിംഗ് നടക്കുന്ന മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വട്ടത്ത് ഹസീന (മുസ്ലിം ലീഗ്) കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു മരണപ്പെട്ടിരുന്നു. ഈ വാർഡിലെ വോട്ടെടുപ്പും മാറ്റിവച്ചു. പോളിംഗ് മാറ്റിവച്ച വാർഡുകളിൽ മത്സരിക്കുന്ന മറ്റു സ്ഥാനാർത്ഥികൾ വീണ്ടും പത്രിക നൽകേണ്ടതില്ല.
