വിവിധ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നവരുടെ ക്ഷേമം ഉറപ്പാക്കണം. രാത്രിയും, പകലും ഭേദമില്ലാതെ പണിയെടുക്കുന്ന ഒരു വിഭാഗമാണ് സെക്യൂരിറ്റിക്കാർ.
നിശ്ചിത സമയമോ, eജാലിയെടുക്കുന്ന സമയത്തിനനുസരിച്ച് മാന്യമായ പ്രതിഫലമോ ഇവർക്ക് ലഭിക്കുന്നില്ല. പ്രായാധിക്യമുള്ളവരും, എക്സ് സർവ്വീസ് ഉള്ളവരുമെല്ലാം ഈ മേഖലയിൽ പണിയെടുക്കുന്നുണ്ട്.
രാത്രി കാലങ്ങളിൽ തനിച്ച് ജോലി ചെയ്യേണ്ട സാഹചര്യങ്ങളിൽ ഇവരുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള നടപടികളും ഉണ്ടാകണം. മിനിമം വേതനമെങ്കിലും ഇവർക്ക് ഉറപ്പാക്കണം.
പല സ്ഥാപനങ്ങളിലും ജോലി നോക്കുന്നവർ ഏജൻസി വഴി നിയമിക്കപ്പെട്ടവരാണ്. തുച്ഛമായ വരുമാനം നൽകിയാണ് പലരെയും നിയമിച്ചിട്ടുള്ളത്. ജോലി സ്ഥിരത ഇല്ല. ഒറ്റ ദിവസം കൊണ്ട് പിരിച്ചു വിടുന്നവരായി ഈ വിഭാഗം മാറിയിട്ടുണ്ട്.
പല സ്ഥാപനങ്ങളിലും വിശ്രമിക്കാനുള്ള സ്ഥലമോ, കിടക്കാനുള്ള സൗകര്യങ്ങളോ നൽകിയിട്ടില്ല. കോണി മുറികളിലും, കസേരകളിലും ചുരുണ്ടുകൂടിയല്ലാ സെക്യൂരിറ്റിക്കാർ ജോലി ചെയ്യേണ്ടത്. ചില ഹോട്ടലുകളുടെ മുന്നിൽ റോഡരികിൽ പൊരിവെയിലത്ത് ആളുകളെ വിളിച്ച് കയറ്റുന്ന ജോലിയും ഇവരുടേതാണ്.
വെയിലും, മഴയും, കൊതുക് കടിയുമൊക്കെയായി ഉറക്കമില്ലാതെ പണിയെടുക്കുന്ന ഈ വിഭാഗത്തിൻ്റെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്താനുള്ള നയം സർക്കാർ രൂപീകരിക്കണം.
ടി.പി പ്രദീപ് കുമാർ ഒറ്റപ്പാലം ഫോൺ: 9446026973
