ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തി വോട്ട് രേഖപ്പെടുത്തി കൂളായി മടങ്ങി. കുന്നത്തൂർമേട് നോർത്ത് വാർഡ് ബൂത്തിലാണ് അദ്ദേഹം വോട്ട് ചെയ്തത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കൂവി വിളിച്ചെങ്കിലും കൂസലില്ലാതെയാണ് രാഹുൽ ബൂത്ത് വിട്ടത്.
എനിക്ക് പറയാനുള്ളതും എന്നെക്കുറിച്ച് പറയാനുള്ളതും കോടതിയില്‍ പറയുമെന്ന് മാത്രം രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇനി കോടതി തീർപ്പ് കല്പിക്കട്ടെയെന്നും രാഹുല്‍ പറഞ്ഞു.
പാലക്കാട് കുന്നത്തൂർമേട് സെൻ്റ് സെബാസ്റ്റ്യൻ സ്കൂൾ രണ്ടാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ രാഹുൽ എത്തുമെന്ന് ഇന്നലെ തന്നെ സൂചന ലഭിച്ചിരുന്നു. ഇന്ന് രാവിലെ മുതൽ തന്നെ മാധ്യമപ്പട ബൂത്തിനു മുമ്പിൽ കാത്തു നിന്നിരുന്നു. വൈകുന്നേരം വോട്ടർമാരുടെ തിരക്കൊഴിഞ്ഞ നേരത്ത് 4.47 നാണ് എം.എൽ.എ സ്റ്റിക്കർ പതിച്ച കാറിൽ രാഹുൽ എത്തിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നവം.27ന് കണ്ണാടി പഞ്ചായത്തിൽ നിന്ന് മുങ്ങിയ രാഹുൽ 15 ദിവസത്തിനു ശേഷം കുന്നത്തൂർമേട് ബൂത്തിലാണ് പൊങ്ങിയത്. തെളിവുകൾ സഹിതം യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയാണ് രാഹുൽ ഒളിവിൽ പോയത്
യുവതിയുടെ പരാതിയിൽ കേസെടുത്തതിന് ശേഷം കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാഹുലിനെ പുറത്താക്കിയതായി കെ.പി.സി.സി നേതൃത്വം അറിയിച്ചിരുന്നു.
അതിനു പിറകെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും ശരീരമാകെ മുറിവേൽപ്പിച്ചെന്നും ബംഗളൂരുവിൽ താമസിക്കുന്ന മലയാളിയായ ഇരുപത്തിമൂന്നുകാരിയും രാഹുലിനെതിരെ പരാതി നൽകുകയായിരുന്നു.
വോട്ട് ചെയ്ത ശേഷം രാഹുൽ, എം.എൽ.എ ഓഫീസിലേക്കാണ് പോയത്.
രാഹുലിനെ കോൺഗ്രസ് സംരക്ഷിക്കുന്നില്ലെന്ന് ഡി.സി.സി പ്രസിഡണ്ട് എ.തങ്കപ്പൻ പ്രതികരിച്ചു. എന്നാൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾ രാഹുലിൻ്റെ കൂടെയുണ്ടായിരുന്നു.
ബി.ജെ.പി പ്രവർത്തകർ കോഴിയുടെ ചിത്രവുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഘർഷം തടയാൻ കനത്ത പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
