വേനലായതോടെ ഭാരതപ്പുഴയിൽ തീപിടിത്തം പതിവായി

വേനലായതോടെ പറളി മുതൽ പൊന്നാനി വരെ ഭാരതപ്പുഴ കത്തുകയാണ്. പുഴയിൽ ഉയർന്ന് നിൽക്കുന്ന ആറ്റുവഞ്ഞിക്കാടുകളാണ് പകലിരവ് ഭേദമില്ലാതെ കത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പാലത്തും, മായന്നൂർ കടവിലും തൃത്താലയിലും ഭാരതപ്പുഴയിൽ പുൽക്കാടിന് തീപിടിച്ചിരുന്നു.  

പുഴയിലെ പുൽക്കാടുകൾക്കുണ്ടാകുന്ന തീപിടിത്തം ജൈവ സന്തുലിതാവസ്ഥയ്ക്കു നാശം വരുത്തുന്ന അവസ്ഥയിലായിരിക്കുകയാണെന്ന് വിദഗ്‌ധർ പറയുന്നു.

പുഴയിൽ വെള്ളം ഒഴുകുന്നതിന് സമീപത്ത് നിന്ന് തുടങ്ങിയ തീ ഏകദേശം 200 മീറ്ററോളം ദൂരത്തിൽ കത്തിപ്പടർന്നു. തൃത്താല മേഖലയിൽ ദേശാടനപ്പക്ഷികളും അപൂർവങ്ങളായ പക്ഷിയിനങ്ങളും കൂടുതലായുള്ള ഭാഗമാണ് വെള്ളിയാങ്കല്ലും പരിസര പ്രദേശങ്ങളും. ഈ മാസം 15 നും ഇത്തരത്തിൽ ഭാരതപ്പുഴയിലെ പുല്ലിന് തീ കത്തിപ്പടർന്നിരുന്നു.

ഭാരതപ്പുഴയിൽ പുൽക്കാടിനകത്തെ ഒട്ടേറെ പക്ഷികൾ ഉൾപ്പടെയുള്ള ജീവജാലങ്ങൾ അഗ്നിക്കിരയാവുന്നതും പതിവാകുന്നുണ്ട്. പുഴയിലെ പുൽക്കാടുകൾക്കു സാമൂഹികവിരുദ്ധർ തീയിട്ടതാണെന്നാണ് നിഗമനം. പുഴയിലെ ചെറിയ തുരുത്തുകളിലും പുൽക്കാടുകൾ കത്തിനശിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നാലാം തവണയാണ് പുഴയിൽ തീ പടരുന്നത്.

ഇന്ന് രാത്രി ഏഴരയോടെ ദേശമംഗലം ഗ്രാമപഞ്ചായത്തിലെ പള്ളം ഭാഗത്ത് ഭാരതപ്പുഴയുടെ നടുവിൽ വൻ തീപിടുത്തമുണ്ടായി. പള്ളത്തിന്റെയും ഷൊർണൂർ മുണ്ടായ ഭാഗം വരുന്നതിന്റെയും ഇടയിലാണ് ഭാരതപ്പുഴ മധ്യെ അടിക്കാടുകൾക്ക് തീ പിടിച്ചത്. പോലീസിലും, ഫയർ  റെസ്ക്യൂവിലും വിവരം അറിയിച്ചിട്ടുണ്ടെങ്കിലും പ്രദേശത്ത് വാഹനം എത്തിപ്പെടാൻ പ്രയാസമാണെന്ന് നാട്ടുകാർ പറയുന്നു.

കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴയിൽ മനുഷ്യ ഇടപെടലുകളുടെയും പാരിസ്ഥിതിക മാറ്റങ്ങളുടെയും ഫലമായി ഗുരുതരമായ അസ്തിത്വ ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് നിരവധി പഠനങ്ങള്‍ തെളിവു നല്‍കുന്നു. ആവാസ വ്യവസ്ഥയുടെ തകര്‍ച്ച, ജല പ്രവാഹത്തിലെ കുറവ്, ജൈവ വൈവിധ്യ നഷ്ടം,  നദീതടത്തിലെ വരള്‍ച്ച എന്നിവയാണ് പ്രധാന ഭീഷണികള്‍.

അമിതമായ മണല്‍ ഖനനം, വ്യാവസായിക മലിനീകരണം, അമിത ജലവിനിയോഗം,  വനനശീകരണം, നദീതീര സസ്യജാലങ്ങളുടെ നഷ്ടം, അണക്കെട്ടുകളുടെ നിര്‍മ്മാണം, തദ്ദേശീയമല്ലാത്ത ജീവിവര്‍ഗങ്ങളുടെ സാന്നിദ്ധ്യം, മഴയുടെ രീതികളില്‍ മാറ്റം അടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍, ഗാര്‍ഹിക മാലിന്യങ്ങള്‍ എന്നിവയും നദിയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഈ ഘടകങ്ങള്‍ നദിയുടെ ജലശാസ്ത്രപരമായ സമഗ്രത, ജലഗുണത, ജൈവ വൈവിധ്യം എന്നിവയ്ക്ക് മേല്‍ പൊതുവായ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ഭാരതപ്പുഴയുമായി ബന്ധപ്പെട്ട ശാസ്ത്രീയ പഠനങ്ങളെ അവഗണിച്ചുകൊണ്ട് നടക്കുന്ന ഏത് തരത്തിലുള്ള ഇടപെടലുകളും ഭാരതപ്പുഴയുടെ മരണമണിയായി മാറുമെന്നതില്‍ സംശയമൊന്നുമില്ല.

ഭാരതപ്പുഴയിൽ തടർച്ചയായി സംഭവിക്കുന്ന തീപ്പിടിത്തം മൂലം സംഭവിക്കുന്ന ജൈവ വൈവിധ്യ നഷ്ടം ഇതുവരെ കണക്കാക്കിയിട്ടില്ല. നദീതടത്തിലെ 27 സ്ഥലങ്ങളിലായി 2022ല്‍ നടത്തിയ ജലരസതന്ത്രത്തെയും ജല ഗുണനിലവാരത്തെയും സംബന്ധിച്ച വിലയിരുത്തലില്‍ സംസ്‌കരിക്കാത്ത മാലിന്യങ്ങള്‍ പുഴയിലേക്ക് തള്ളുന്നത് നദീ ജലത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നദീജലം കുടിവെള്ള ഉപയോഗത്തിന് അനുയോജ്യമല്ലാതായതായും പഠനം വിലയിരുത്തി.

Summary:

With the onset of summer, the Bharathapuzha river is burning from Parali to Ponnani. The high-altitude forests in the river are burning day and night. In the past few days, grass fires have broken out in Ottapalam, Mayannur Kadavu and Thrithala along the Bharathapuzha river.  

Experts say that the fires in the grass forests in the river are causing damage to the biological balance.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം