ബസ്സിൽ ലൈംഗിക അതിക്രമം നടത്തിയെന്ന് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്‌ത സംഭവത്തിൽ പ്രേരണാക്കുറ്റത്തിന് യുവതി അറസ്റ്റിൽ.
മുസ്ലിംലീഗ് പ്രവർത്തകയും അരീക്കോട് പഞ്ചായത്ത് മുൻ അംഗവുമായ ഷിംജിത മുസ്‌തഫയെ കുന്ദമംഗലം കോടതി 14 ദിവസം റിമാൻ്റ് ചെയ്തു.
തികച്ചും നാടകീയമായാണ് പോലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യ ഹർജി നൽകിയ ശേഷം വടകരയിലെ ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഷിംജിത. അതിനിടയിൽ വിദേശത്തേക്ക് കടന്നുവെന്ന തരത്തിൽ പ്രചാരണവും പുറത്തുവന്നിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സബ് ഇൻസ്പെക്ടർ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യ കാറിലാണ് വടകരയിലെ വീട്ടിലെത്തി ഷിംജിതയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി കുന്ദമംഗലം കോടതിയിൽ ഹാജരാക്കി.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഷിംജിതയെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
മൊബൈലിൽ ചിത്രീകരിച്ച വീഡിയോ ദൃശ്യം വൈറലായതിനെ തുടർന്ന് മനോ വിഷമം മൂലം ജീവനൊടുക്കിയ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിൻ്റെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
ബസ് യാത്രക്കിടെ യുവാവ് മോശമായി പെരുമാറി എന്നാരോപിച്ചുള്ള വീഡിയോയാണ് ഷിംജിത പുറത്തുവിട്ടത്. വീഡിയോ വൈറലായതിനു പിന്നാലെ മനോവിഷമത്തിൽ ദീപക് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഷിംജിതയുടെ ഫോൺ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ദൃശ്യങ്ങൾ എഡിറ്റ് ചെയ്‌തതിന് ശേഷമാണോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചതെന്ന് പരിശോധിക്കും.
അതേസമയം, പരാതിക്കിടയായ ദിവസം ഷിംജിതയും ദീപക്കും സഞ്ചരിച്ച ബസ്സിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ബസ്സിനുള്ളിലേക്ക് ദീപക് കയറുന്ന ദൃശ്യങ്ങൾ സി.സി.ടി.വിയിൽ കാണുന്നുണ്ട്. എന്നാൽ, തിരക്കു കാരണം പിന്നീട് ദീപക്കിനെയോ ഷിംജിതയെയോ കാണുന്നില്ല. ബസിനുള്ളിൽ ദീപക് ഷിംജിതയോട് മോശമായി പെരുമാറിയതായി അറിയിച്ചിരുന്നില്ലെന്ന് ജീവനക്കാർ മാധ്യമങ്ങളോട് പറഞ്ഞു. റിമാൻ്റിലായ ഷിംജിതയെ മഞ്ചേരി ജയിലിലടച്ചു.
Summary:
A woman has been arrested for abetment in the suicide of a young man after a video of him allegedly raping her on a bus went viral.
The Kundamangalam court has remanded Shimjitha Mustafa, a Muslim League activist and former member of Areekode Panchayat, for 14 days.
The police arrested Shimjitha in a dramatic manner. Shimjitha was hiding at a relative's house in Vadakara after filing an anticipatory bail petition.
