അങ്കമാലി തിരുനായത്തോട് ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ശ്രീമൂലനഗരം ചൊവ്വര സുരഭി പിഷാരത്ത് സേതുമാധവൻ്റെ മകൻ സൂരജ് പിഷാരടിയാണ് (34) മരിച്ചത്. യൂട്യൂബറും ഫ്രീലാൻസ് ഡോക്യുമെൻ്ററി സംവിധായകനുമാണ് സൂരജ്.
തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിലെ തിരുവുത്സവത്തിൻ്റെ ഭാഗമായി നടന്ന ശിങ്കാരി മേളത്തിനിടെയാണ് ആനയിടഞ്ഞത്.
അക്രമാസക്തനായ ആനക്ക് മുന്നിൽ കാമറ ഉപയോഗിച്ച് ദൃശ്യം പകർത്തുന്നതിനിടെയാണ് ആന മുന്നോട്ട് പാഞ്ഞത്. ഈ സമയം ആനയുടെ തൊഴിയേറ്റ് സൂരജിൻ്റെ തലക്ക് പരിക്കേറ്റു. തല തകർന്ന് അപകട സ്ഥലത്ത് കുറേനേരം രക്തം വാർന്ന് കിടന്നു. ബഹളമുണ്ടാക്കി ആനയുടെ ശ്രദ്ധ മാറ്റിയ ശേഷമാണ് സൂരജിനെ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഇന്ന് (വ്യാഴാഴ്‌ച) മരണത്തിന് കീഴടങ്ങി.
അക്രമാസക്തനായി ഓടിയ ആനയെ കണ്ട് ഭയന്നോടി വീണതിനെ തുടർന്ന് ഇരുപതോളം പേർക്കും പരിക്കേറ്റു. ഇവരിൽ ഗുരുതരമായി പരിക്കേറ്റ ഏതാനും പേർ ഇപ്പോഴും അങ്കമാലി എൽ.എഫ് ആശുപത്രിയിൽ ചികിത്സയിലാണ്.
ആനയുടെ പുറത്ത് നിന്നും വീണ് വാരിയെല്ലുകൾ തകർന്ന തൃപ്പൂണിത്തുറ ഏരൂർ കൗസ്തുഭം ഹരി കമ്മത്തും (41) എൽ.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇടഞ്ഞ ആനയെ കണ്ട് മറ്റൊരാന വിരണ്ടോടിയതും അപകടത്തിന് വ്യാപ്തി കൂട്ടി.
മരിച്ച സൂരജിന്റെ അമ്മ സുഭദ്ര. സഹോദരൻ: സുജിത്ത്.
Summary:
A young man who was undergoing treatment for being trampled by an elephant during the Thirunayathodhu temple festival in Angamaly died.
The deceased has been identified as Suraj Pisharody (34), son of Chovvara Surabhi Pisharath Sethumadhavan of Sreemoolanagaram. Suraj is a YouTuber and freelance documentary director.
The elephant trampled him during the Singkari Mela held as part of the Thirunayathodhu Sivanarayana temple festival.
