മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ (66) സഞ്ചരിച്ചിരുന്ന വിമാനം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെയാണ് തകർന്നുവീണത്. അജിത് പവാർ ഉൾപ്പെടെ 5 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. എല്ലാവരും മരിച്ചതായി ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) സ്‌ഥിരീകരിച്ചു.
അജിത് പവാറിനൊപ്പം യാത്ര ചെയ്തവരുടെ പേരുകൾ പുറത്തുവന്നു. വിധിപ് ജാദവ്, പിങ്കി മാലി, സുമിൽ കപൂർ, ശംഭാനി പഥക് എന്നിവരാണ് മരിച്ച മറ്റുള്ളവർ.
ബുധനാഴ്‌ച രാവിലെയാണ് മുംബൈയിൽ നിന്ന് അദ്ദേഹം ബാരാമതിയിലേക്ക് പുറപ്പെട്ടത്. അജിത് സഞ്ചരിച്ചിരുന്ന ലിയർജെറ്റ് 45 പ്രൈവറ്റ് ജെറ്റ് ആണ് തകർന്നുവീണത്. വിമാനം പൂർണമായും കത്തിയമർന്നു. അടിയന്തര ലാൻഡിങ്ങിനിടെ നിയന്ത്രണം വിടുകയും വിമാനം തകർന്ന് കഷ്ണങ്ങളായി പിളർന്ന് കത്തിയമരുകയും ചെയ്തു. അപകടസ്ഥലത്ത് മൃതദേഹങ്ങൾ കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
ഡൽഹി ആസ്‌ഥാനമായ വി.എസ്.ആർ വെൻചേഴ്സ‌് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രൈവറ്റ് ബിസിനസ് ക്ലാസ് ജെറ്റ് വിമാനമാണ് തകർന്നുവീണ ലിയർജെറ്റ് 45XR വിമാനം.
മുതിർന്ന എൻ.സി.പി നേതാവായ ശരദ് പവാറിൻ്റെ ജ്യേഷ്ഠ സഹോദരനായ അനന്തറാവുവിന്റെയും ആശാതായിയുടെയും മകനായി മഹാരാഷ്ട്രയിലെ പുണെ ജില്ലയിലെ ബരാമതിയിൽ 1959 ജൂലൈ 22നാണ് ജനനം. 1982ൽ പുണെയിലെ പഞ്ചസാര ഫാക്ടറിയിലെ സഹകരണ ബോർഡ് അംഗമായാണ് അജിത് പവാറിന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. മഹാരാഷ്ട്ര എഡ്യൂക്കേഷൻ സൊസൈറ്റി ഹൈസ്‌കൂളിൽ നിന്ന് നേടിയ എസ്.എസ്.എൽ.സിയാണ് വിദ്യാഭ്യാസ യോഗ്യത. തുടർ പഠനത്തിനായി കോളജിൽ പോയെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ല.
1991 മുതൽ 2007 വരെ പുണെ ജില്ല സഹകരണ ബാങ്ക് ചെയർമാനായിരുന്നു. 1991ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് പാർലമെന്റ് അംഗമായെങ്കിലും ശരദ് പവാറിന് മത്സരിക്കാനായി ലോക്സഭാംഗത്വം രാജിവച്ചു. 1991ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ ബാരാമതിയിൽ നിന്ന് ആദ്യമായി നിയമസഭാംഗമായ അജിത് പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും ബാരാമതിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
1991ലെ സുധാകരറാവു നായിക് മന്ത്രിസഭയിൽ ആദ്യമായി സംസ്‌ഥാന കൃഷി വകുപ്പ് മന്ത്രിയായ അജിത് പിന്നീട് അഞ്ച് തവണ കൂടി കാബിനറ്റ് റാങ്കോടെ മന്ത്രിയായി.
2010-2012, 2012-2014, 2019-2022, 2023-2024, 2024-2026 കാലഘട്ടത്തിൽ മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി. 2022-2023 കാലഘട്ടത്തിൽ സംസ്ഥാനത്തെ പ്രതിപക്ഷ നേതാവായി. എൻ.സി.പി സ്‌ഥാപകനായ ശരദ് പവാറിന്റെ അനന്തിരവനാണ് അജിത്. ഭാര്യ : സുനേത്ര പവാർ. മക്കൾ: ജയ്, പാർഥ്.
അജിത്തിന്റെ മരണത്തിൽ അനുശോചിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയവർ അനുശോചനമറിയിച്ചു.
അജിത്തിന്റേത് അസമയത്തുള്ള മരണമായിരുന്നുവെന്നും നികത്താനാകാത്ത നഷ്ടമാണെന്നും രാഷ്ട്രപതി പറഞ്ഞു. മഹാരാഷ്ട്രയുടെ വികസനത്തിൽ പ്രത്യേകിച്ചും സഹകരണ മേഖലയുടെ വികസനത്തിൽ അദ്ദേഹം നൽകിയ സേവനങ്ങൾ എന്നെന്നും ഓർമിക്കപ്പെടുമെന്നും എക്സിലെ കുറിപ്പിൽ രാഷ്ട്രപതി പറഞ്ഞു.
അപകടത്തിൽ അന്വേഷണം വേണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു.
Summary:
The plane carrying Maharashtra Deputy Chief Minister Ajit Pawar (66) crashed while landing at Baramati airport. There were 5 people on board, including Ajit Pawar. The Directorate General of Civil Aviation (DGCA) confirmed that all were killed.
The names of those travelling with Ajit Pawar have been released. The other deceased are Videep Jadhav, Pinki Mali, Sumil Kapoor and Shambhani Pathak.
