ഒറ്റപ്പാലത്ത് ഇനി ആഘോഷ ദിനങ്ങളാണ്. ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച ചിനക്കത്തൂർ പൂരത്തിന് തട്ടകങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. കുതിരകളിയും തേരും തട്ടിൻമേൽക്കൂത്തും ആനപ്പൂരവും കൂടമാറ്റവും മേളവും വർണാഭമായ നിലപ്പന്തലുകളും എല്ലാമായി വലിയ ഒരാഘോഷത്തിനാണ് ഒറ്റപ്പാലം ഒരുങ്ങുന്നത്.
ചരിത്ര പ്രസിദ്ധമായ ചിനക്കത്തൂർ പൂരത്തിന് മുന്നോടിയായുള്ള 17 ദിവസത്തെ തോൽപ്പാവക്കൂത്ത് ഇന്ന് (ചൊവ്വാഴ്ച) തുടങ്ങും. പാലപ്പുറം സ്വദേശി എ.സദാനന്ദപുലവരും സംഘവുമാണ് കൂത്ത് അവതരിപ്പിക്കുന്നത്. കമ്പ രാമായണത്തിലെ സേതുബന്ധനം മുതൽ പട്ടാഭിഷേകം വരെയുള്ള കഥയാണ് 10 ദിവസം അവതരിപ്പിക്കുക.
ചിനക്കത്തൂരിലെ കൂത്തുമാടം ഇന്നുമുതൽ 17 ദിവസം ഉണർന്നിരിക്കും. പാലപ്പുറം പുലവർ വീട്ടിൽ എ സദാനന്ദ പുലവരുടെ (70) നേതൃത്വത്തിലുള്ള പാലപ്പറം സംഘമാണ് നിരവധി വർഷങ്ങളായി ഇവിടെ കൂത്ത് അവതരിപ്പിക്കുന്നത്. പിതാവ് അണ്ണാമലൈ പുലവർക്ക് ശേഷം 1992 മുതൽ ചിനക്കത്തൂർക്കാവിലെ കൂത്തുമാട പുലവരാണ് സദാനന്ദൻ.
മാൻതോവിലും കാളത്തോലിലും നിർമിച്ച 40 പാവകൾ വീതമാണ് കൂത്തിന് ഉപയോഗിക്കുക. സദാനന്ദ പുലവരുടെ ശിഷ്യന്മാരായ അനിൽ, അർജുൻ എന്നിവരുടെ അരങ്ങേറ്റവുമുണ്ടാകും. രാത്രി 10 മുതൽ പുലർച്ചെ നാലുവരെയാണ് കൂത്ത്.
ചിനക്കത്തൂർക്കാവിനു പുറമെ മുണ്ടൂർ പാലക്കീഴ് കാവ്, കണ്ണമ്പ്ര കുറുംബ ക്ഷേത്രം, കണ്ണിയംപുറം കിള്ളിക്കാവ്, പെരിങ്ങോട്ടുകുറിശ്ശി മന്നത്തുകാവ്, ഏഴക്കാട് കുന്നപ്പുള്ളിക്കാവ് തുടങ്ങിയ ക്ഷേത്രങ്ങളിലും സദാനന്ദ പുലവരാണ് കൂത്ത് അവതരിപ്പിക്കുന്നത്.
ഇന്ന് (ചൊവ്വാഴ്ച) ചിനക്കത്തൂർ ദേവസ്വത്തിൻ്റെ വകയാണ് കൂത്ത്. കൂടാതെ കഥകളിയും കമ്പം കത്തിക്കലുമുണ്ടാകും. പിന്നീടുള്ള എഴു ദിവസങ്ങളിൽ ഏഴു ദേശക്കമ്മിറ്റികളുടെ കൂത്ത് നടക്കും. ക്ഷേത്ര മൈതാനിയിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കലാസാംസ്കാരിക പരിപാടികൾക്കും ചൊവ്വാഴ്ച തുടക്കമാകും. വൈകിട്ട് 5.30ന് മലബാർ ദേവസ്വം ബോർഡ് പാലക്കാട് ഏരിയ കമ്മിറ്റി ചെയർമാൻ എം.ദണ്ഡപാണി ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ കഥകളി, ഗാനമേള, നാടൻപാട്ട്, ആധുനിക സംഗീത നിശകൾ, തായമ്പക, നൃത്തപരിപാടി, സംഗീതക്കച്ചേരി ഉൾപ്പെടെ അരങ്ങേറും.
പാട്ടുതാലപ്പൊലിയും ഗുരുരുതിയും 17ന് നടക്കും. തോൽപ്പാവക്കൂത്ത് അവസാനിക്കുന്ന 19ന് പൂരത്തിന് കൊടിയേറും. 28ന് പൂരത്താലപ്പൊലിയും മാർച്ച് ഒന്നിന് കുമ്മാട്ടിയും ആഘോഷിക്കും. മാർച്ച് രണ്ടിനാണ് കേരളത്തിൻ്റെ ടൂറിസം കലണ്ടറിൽ ഇടംപിടിച്ച ചരിത്രപ്രസിദ്ധമായ ചിനക്കത്തൂർ പൂരം.
