റീ സർവ്വേ മൂലം നാട്ടുകാർ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ നടപടി

തൃത്താല നിയോജക മണ്ഡലത്തിലെ വിവിധ വില്ലേജ് ഓഫീസുകളിൽ റിസർവ്വേ നടക്കുന്നത് മൂലം വില്ലേജ് ഓഫീസുകൾ മുഖാന്തരം നടക്കേണ്ടതായ സേവന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതായ പരാതിയിൽ റവന്യൂ മന്ത്രി ഇടപെടുമെന്ന് വി.ടി ബൽറാം എം.എൽ.എ അറിയിച്ചു. 

റീ സർവ്വേയുടെ പേരിൽ കരമൊടുക്കുന്നതിനും വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനും മാസങ്ങൾ നീണ്ടുനിൽക്കുന്ന കാലതാമസം നേരിടുകയാണെന്ന് വ്യാപക പരാതി ഉയർന്നിരുന്നു. 

ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി എം.എൽ.എ ഓഫീസിൽ റവന്യൂ ഉദ്യോഗസ്ഥരുടെയും സർവ്വേ ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്തു. 

വിവിധ സേവനങ്ങൾക്ക് നൽകുന്ന ഫീസ് ഏകീകരിച്ച് കുറച്ച് ക്ലിപ്തപ്പെടുത്തുന്നതിനും കൂടുതൽ സർവേയർമാരെ വിന്യസിച്ചുകൊണ്ട് നടപടി പൂർത്തീകരിക്കുന്നതിനും ഒരു മാസത്തിനകം തന്നെ ഏതാണ്ട് സർവ്വേ പൂർത്തീകരിക്കുന്നതിലും യോഗം തീരുമാനിച്ചു. 

റീ സർവ്വേ നടപടികൾ ഓരോ വില്ലേജുകളായി പൂർത്തീകരിക്കുന്നതിന് പകരം നിയോജക മണ്ഡലത്തിലെ എല്ലാ വില്ലേജുകളിലും ഒരേസമയം ഈ പ്രക്രിയ നടത്താൻ മുൻ സർക്കാർ തീരുമാനിച്ചതാണ് ഇപ്പോൾ ഉണ്ടായ പ്രയാസത്തിന് കാരണമെന്ന് അഭിപ്രായമുയർന്നു. 

പ്രാരംഭ ഘട്ടത്തിലുള്ള ചാലിശ്ശേരിയിലും പരുതൂരിലും തൽക്കാലികമായി റീ സർവ്വേ നിർത്തിവയ്ക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.  

വി.ടി ബൽറാം എം.എൽ.എ വകുപ്പു മന്ത്രിയുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് നേരിടുന്ന ഈ ബുദ്ധിമുട്ടിൽ അടിയന്തര പരിഹാരം ഉണ്ടാക്കണമെന്ന് അഭ്യർത്ഥിക്കുകയും ഉടൻ തന്നെ മന്ത്രി ഉദ്യോഗസ്ഥരിൽ നിന്ന് വിവരങ്ങൾ ആരായുകയും ചെയ്തു.

തഹസിൽദാർ, പഞ്ചായത്ത് പ്രസിഡണ്ടുമാർ, എട്ടു വില്ലേജിലെയും വില്ലേജ് ഓഫീസർമാരും ഭൂരേഖ സർവ്വേ മേധാവിയും യോഗത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം