സ്കൂൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്: തദ്ദേശ സ്വയംഭരണ വകുപ്പിന് ചുമതല

സംസ്ഥാനത്തെ സ്കൂളുകളുടെ സുരക്ഷാ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ചുമതല തദ്ദേശ സ്വയംഭരണ വകുപ്പിന്  നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി.  

ജൂൺ ഒന്നിന് പുതിയ അധ്യയന വർഷം ആരംഭിക്കുന്ന സാഹചര്യത്തിൽ, സ്കൂൾ കെട്ടിടങ്ങളുടെയും പരിസരത്തിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്.

​തദ്ദേശ സ്വയംഭരണ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർമാരാണ് ഇനി മുതൽ സ്കൂളുകൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. 

ഫിറ്റ്‌നസ് പരിശോധനയ്ക്കായി 17 പോയിന്റുകൾ ഉള്ള വിശദമായ ഒരു ചെക്ക്‌ലിസ്റ്റും വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടത്തിന്റെ ബലം, ചുറ്റുമതിലിന്റെ സുരക്ഷ, അപകടകരമായ കുഴികളോ ചരിവുകളോ ഇല്ലാത്ത അവസ്ഥ, മരങ്ങളുടെയും ശിഖരങ്ങളുടെയും സുരക്ഷ എന്നിവ അസിസ്റ്റന്റ് എഞ്ചിനീയർ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്തണം. 

കൂടാതെ, അസ്ബറ്റോസ്/ടിൻ/ അലുമിനിയം ഷീറ്റുകൾ പാകിയ മേൽക്കൂരകൾ മാറ്റിയിട്ടുണ്ടെന്നും കിണറുകൾക്കും മറ്റും സുരക്ഷിതമായ സംരക്ഷണ ഭിത്തികൾ ഉണ്ടെന്നും ഉറപ്പാക്കണം.

​വൈദ്യുത സുരക്ഷയ്ക്കും ശുചിത്വത്തിനും പ്രത്യേക പ്രാധാന്യമാണ് പുതിയ നിർദ്ദേശങ്ങളിൽ നൽകിയിരിക്കുന്നത്. സ്കൂളുകളിലെ ഇലക്ട്രിക്കൽ വയറിംഗ് സുരക്ഷിതമാണെന്നും ട്രാൻസ്ഫോർമറുകൾക്ക് ചുറ്റും വേലി കെട്ടിയിട്ടുണ്ടെന്നും അധികൃതർ ഉറപ്പുവരുത്തണം. 

മതിയായ വെന്റിലേഷനുള്ള വൃത്തിയുള്ള ശൗചാലയങ്ങൾ, കുടിവെള്ള ലഭ്യത, സ്കൂൾ പരിസരത്തെ മാലിന്യ നിർമ്മാർജ്ജനം, എലി നശീകരണ പ്രവർത്തനങ്ങൾ എന്നിവ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ച് സാക്ഷ്യപ്പെടുത്തണം. 

സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് മോട്ടോർ വാഹന വകുപ്പിൽ നിന്ന് പ്രത്യേകം കൈപ്പറ്റേണ്ടതുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം