ലോക പത്രസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം.പി.യു) പാലക്കാട് ജില്ലാ കമ്മിറ്റിയും കൂറ്റനാട് പ്രസ് ക്ലബും സംയുക്തമായി മാധ്യമ സെമിനാറും പഠന ക്ലാസും സംഘടിപ്പിച്ചു. പ്രസ് ക്ലബ് ഹാളിൽ നടന്ന സെമിനാർ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്റെ ശബ്ദമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ ജനാധിപത്യത്തിന്റെ കരുത്താണെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധതയും ഉത്തരവാദിത്വവും കൈമുതലാക്കി പ്രവർത്തിക്കേണ്ട മാധ്യമങ്ങൾ, സമൂഹത്തിൽ നടക്കുന്ന സംഭവങ്ങളും വിഷയങ്ങളും യഥാർത്ഥ രൂപത്തിൽ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അവരുടെ പ്രധാന ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിൽ പത്രപ്രവർത്തകരെ സമൂഹം ഏറെ ബഹുമാനത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലാ സെക്രട്ടറി കെ.ജി സണ്ണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.എം.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി വി.സെയ്ദ് മുഖ്യാതിഥിയായി.
മാധ്യമ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന മാധ്യമ പ്രവർത്തകർ ഗുരുതരമായ വെല്ലുവിളികളുടെ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സത്യസന്ധമായ വാർത്തകൾക്ക് പലപ്പോഴും ജീവൻ പോലും ബലിയിടേണ്ട സാഹചര്യമാണുള്ളത്. കഴിഞ്ഞ നാലു വർഷത്തിനിടെ അന്താരാഷ്ട്ര റിപ്പോർട്ടുകൾ പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം 447 ഓളം മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടത് ജനാധിപത്യ മൂല്യങ്ങൾ നേരിടുന്ന വലിയ ഭീഷണിയാണെന്നും, മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രസ് ക്ലബ് പ്രസിഡണ്ട് സി.മൂസ പെരിങ്ങോട് പഠന ക്ലാസ് നയിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ഇസ്മായിൽ പെരുമണ്ണൂർ, സംസ്ഥാന സമിതി അംഗങ്ങളായ പ്രേമദാസ് പിടാവന്നൂർ, എ.സി. ഗീവർ ചാലിശ്ശേരി, മറ്റു ഭാരവാഹികളായ ഷിബിൻ കോക്കാട്, മുഹമ്മദ് റഹീസ്, മധു കൂറ്റനാട്, ടി.വി. അബൂബക്കർ, സവിനയ്, ആൽബിൻ കെ.ജോസ്, സി.വി മുസ്തഫ എന്നിവർ സംസാരിച്ചു.
ജില്ലാ ട്രഷറർ പ്രദീപ് ചെറുവാശ്ശേരി സ്വാഗതവും ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്.എം അൻവർ നന്ദിയും പറഞ്ഞു.
