ഇടുക്കി രാജാക്കാട് ശങ്കര പാണ്ഡ്യമേട്ടിൽ കുഴഞ്ഞു വീണ നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകം. ശങ്കരപാണ്ഡ്യൻമേട് ജഗൻമോഹന്റെ ഭാര്യ ശാന്തി (36) യെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ വീട്ടിലെ കിടപ്പുമുറിയിൽ കുഴഞ്ഞുവീണ് ബോധം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയത്.
പോലീസ് അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തി. തുടർന്ന് ജഗൻ മോഹന്റെ സഹോദരീ ഭർത്താവ് ആനയിറങ്കൽ എസ്റ്റേറ്റ് ലെയ്നിൽ താമസിക്കുന്ന രാമകൃഷ്ണ (50)നെ ശാന്തൻപാറ പോലീസ് അറസ്റ്റു ചെയ്തു.
തിങ്കളാഴ്ച ജഗൻമോഹൻ വീട്ടിൽ ഇല്ലാത്ത സമയം നോക്കി രാമകൃഷ്ണൻ ആണി ചോദിച്ച് ശാന്തിയുടെ അടുത്തെത്തി. ഇക്കാര്യം ശാന്തി ജഗൻമോഹനെ ഫോണിൽ അറിയിച്ചു. താൻ വന്നശേഷം ആണി കൊടുക്കാമെന്ന് അറിയിച്ചു. ജഗൻമോഹൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ശാന്തി അബോധാവസ്ഥയിൽ കിടക്കുകയായിരുന്നു.
തനിക്ക് ചായ തന്ന ശേഷം കുഴഞ്ഞു വീഴുകയായിരുന്നു എന്നാണ് രാമകൃഷ്ണൻ ജഗൻ മോഹനോട് പറഞ്ഞത്. ഇരുവരും ചേർന്ന് ഉടൻ പൂപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശാന്തിക്ക് ജീവിത ശൈലീ രോഗങ്ങൾ ഉണ്ടായിരുന്നതിനാൽ മരണത്തിൽ ആർക്കും സംശയം തോന്നിയില്ല.
എന്നാൽ, സംശയം തോന്നിയ ശാന്തൻപാറ പോലീസ് മൃതദേഹം പോസ്റ്റുമോർട്ടത്തിന് ഇടുക്കി മെഡിക്കൽ കോളേജിലേക്ക് അയച്ചു.
കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടതോടെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമായി. തുടർന്ന് പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ രാമകൃഷ്ണൻ കുറ്റം സമ്മതിച്ചു. കഴുത്തിൽ തോർത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പ്രതി പറഞ്ഞു.
ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു, മൂന്നാർ ഡി.വൈ.എസ്.പി. ചന്ദ്രകുമാർ എന്നിവരുടെ നിർദേശപ്രകാരം ശാന്തൻപാറ ഇൻസ്പെക്ടർ എസ്.ശരത് ലാൽ ആണ് പ്രതിയെ അറസ്റ്റു ചെയ്തത്. എസ്.ഐ കെ.എച്ച് ഹാഷിം, ഗ്രേഡ് എസ്.ഐ കെ.ടി സാബു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
