ഇന്ന് പുലർച്ചെ പത്തനംതിട്ട ഏനാത്തു നടന്ന അപകടത്തിലാണ് സന്തോഷ് നായർ മരണപ്പെട്ടത്. നടൻ സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സന്തോഷിന് ഹൃദയാഘാതം സംഭവിച്ചതാണ് മരണകാരണം.
തിരുവനന്തപുരത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്നു സന്തോഷ് നായരും ഭാര്യയും. സന്തോഷാണ് വാഹനം ഓടിച്ചത്. നടൻ സഞ്ചരിച്ച ഇന്നോവ കാർ എതിരെ വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് സന്തോഷിനേയും ഭാര്യയേയും പുറത്തെടുത്തത്. നാട്ടുകാർ ഉടനെ അടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ട്രക്ക് ഡ്രൈവർക്കും പരിക്കുണ്ട്.
1982ൽ പുറത്തിറങ്ങിയ പി.ജി വിശ്വംഭരൻ സംവിധാനം ചെയ്ത ‘ഇതു ഞങ്ങളുടെ കഥ’ എന്ന ചിത്രത്തിലൂടെയാണ് സന്തോഷ് സിനിമാ രംഗത്തേക്ക് എത്തിയത്. പ്രദർശനം തുടരുന്ന ‘മോഹിനിയാട്ടം’ ആണ് ഏറ്റവും അവസാനമായി അഭിനയിച്ച ചിത്രം.
വില്ലൻ, നായകൻ, സഹനടൻ, ഹാസ്യനടൻ എന്നിങ്ങനെ വൈവിധ്യമാർന്ന വേഷങ്ങളിൽ നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിൽ മോഹൻലാലിനൊപ്പമുള്ള വേഷം ശ്രദ്ധിക്കപ്പെട്ടു. മോഹിനിയാട്ടമാണ് ഏറ്റവും ഒടുവിലിറങ്ങിയ ചിത്രം.
1960 നവംബർ 12ന് തിരുവനന്തപുരത്താണ് ജനനം. സി.എൻ കേശവൻ നായർ- പി.രാജലക്ഷ്മി ദമ്പതികളുടെ മകനാണ്. എം.ജി കോളജിൽ നടൻ മോഹൻലാലിന്റെ ജൂനിയറായിരുന്നു.
