പട്ടാമ്പി കൊടലൂരിൽ ഗൃഹനാഥനെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ.
സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെയാണ് മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. ശങ്കരമംഗലം സ്വദേശികളായ മുഹമ്മദ് റഫീക്ക് (39), സജാദ് (36), പട്ടാമ്പിയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി റോയ് (44) എന്നിവരെയാണ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്.
ഞായർ രാവിലെ 7.30ന് പട്ടാമ്പി കൊടലൂർ പതിയിൽ മുഹമ്മദി(64)നെയാണ് ഇളയ മകൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മാറ്റാരും ഉണ്ടായിരുന്നില്ല. തലയ്ക്ക് പരിക്കേറ്റ് തറയിൽ കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം കണ്ടത്. വിദേശത്തുള്ള മകൻ സാദിഖിൻ്റെ വീട്ടിനുള്ളിലാണ് ദുരൂഹ സാഹചര്യത്തിലുള്ള മരണം.
തുടർന്ന് ഞായറാഴ്ച രാത്രി യോടെ തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെയാണ് മൂന്നുപേരെ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി മൂന്നുപേരും മുഹമ്മദിനെ അന്വേഷിച്ച് സമീപത്തെ വീടുകളിൽ എത്തിയിരുന്നു. സമീപവാസികളുടെ മൊഴിയുടെയും സി.സി.ടി.വി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ പിടിയിലായത്. മുഹമ്മദിൻ്റെ തലയ്ക്ക് പിന്നിലേറ്റ മുറിവാണ് മരണ കാരണം. മുഹമ്മദ് നവമാധ്യമങ്ങളിൽ എഴുതുന്ന കുറിപ്പാണ് പ്രകോപന കാരണമെന്ന് സൂചനയുണ്ട്.
