ഇത്തവണ വോട്ട് നഷ്‌ടമായത് 3,650 സർക്കാർ ജീവനക്കാർക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളായവർക്കാണ് വോട്ടവകാശം ഇത്തവണ നഷ്‌ടപ്പെട്ടത്. പാലക്കാട് ജില്ലയിൽ മാത്രം വോട്ട് നഷ്ടപ്പെട്ടത് 3,650 സർക്കാർ ജീവനക്കാർക്കാണ്. 

തെരഞ്ഞെടുപ്പ് അനുബന്ധ ജോലികളുടെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥർ, സ്ക്വാഡ് പ്രവർത്തനം നടത്തിയവർ, അവശ്യ സർവീസിൽ ജോലി ചെയ്തവർ, ഇതര സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാർ തുടങ്ങിയവരുടെ സമ്മതിദാന അവകാശമാണ് നഷ്ട‌മായത്. 

വോട്ടെണ്ണലിൻ്റെ തലേന്നു വരെയും ഇവർ വോട്ടവകാശത്തിന് കിണഞ്ഞു ശ്രമിച്ചുവെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ കനിഞ്ഞില്ല. ഒരു വോട്ടും പാഴാക്കരുതെന്നും എല്ലാ പൗരന്മാരും വോട്ടവകാശം വിനിയോഗിക്കണമെന്നും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകണമെന്നും നിഷ്കർഷിക്കുന്ന കമ്മീഷൻ തന്നെയാണ് അവസരം നിഷേധിച്ചത്. 

80 കഴിഞ്ഞ വയോധികർക്ക് വീട്ടിൽ ഇരുന്ന് വോട്ട് ചെയ്യാൻ അവസരം ഒരുക്കിയ കമ്മീഷൻ തന്നെയാണ് പോളിംഗ് ഡ്യൂട്ടിയിൽ ഏർപ്പെട്ടവരുടെ വോട്ട് പാഴാക്കിയത്. രണ്ടക്ക ലീഡിൽ ജയിക്കുന്ന മണ്ഡലങ്ങളിൽ ജീവനക്കാരുടെ പോസ്റ്റൽ വോട്ട് നിർണ്ണായകമാണ്.

മൂന്ന് ഘട്ടമായി പട്ടിക തയ്യാറാക്കിയതിലെ  അപാകമാണ് പ്രധാന വില്ലനായതെന്ന് ജീവനക്കാർ പറയുന്നു. അവസാന നിമിഷം അന്തിമ പട്ടികയിൽ ഉൾപ്പെട്ടവർക്ക് പോസ്റ്റൽ വോട്ടിന് അപേക്ഷിക്കാൻ പോലും സമയം ലഭിച്ചില്ലെന്നാണ് പരാതി. ആദ്യഘട്ടം അപേക്ഷിച്ചവരിൽ പലർക്കും പോസ്റ്റൽ ബാലറ്റ് നൽകിയതായി രേഖകളിലുണ്ട്. എന്നാൽ അതത് ഫെസിലിറ്റേഷൻ സെന്ററുകളിൽ അവ എത്തിയില്ലെന്നാണ് പറയുന്നത്. നേരിട്ട് അപേക്ഷിച്ച പലരുടെയും അപേക്ഷ സ്വീകരിച്ചതുമില്ല.

തപാൽ വോട്ട് ചെയ്യാൻ സജ്ജമാക്കിയ വോട്ടർ ഫെസിലിറ്റേഷൻ സെൻ്ററുകളിൽ (വി.എഫ്.സി) ആവശ്യത്തിന് ബാലറ്റ് ലഭ്യമാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകാത്തതാണ് പോളിങ്  ഉദ്യോഗസ്ഥരുടെ വോട്ട് നഷ്‌ടപ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്. സെൻ്ററുകളിൽ പരിശീലനത്തിന് എത്തുമ്പോൾ വോട്ട് ചെയ്യാൻ സൗകര്യം ഒരുക്കുമെന്ന് പറഞ്ഞിരുന്നു. 

പാലക്കാട് ജില്ലയിലെ 12 മണ്ഡലങ്ങളിലെയും ഉദ്യോഗസ്ഥർക്ക് പാലക്കാട് കാണിക്കമാതാ ഹയർ സെക്കൻഡറി സ്കൂൾ, ഭാരതമാതാ ഹയർ സെക്കൻഡറി സ്കൂൾ, മേഴ്‌സി കോളേജ് എന്നിവിടങ്ങളിലെ ഫെസിലിറ്റേഷൻ സെൻ്ററുകളിലാണ് പരിശീലനം നൽകിയിരുന്നത്. പരിശീലനത്തിനെത്തിയ ജീവനക്കാർ വോട്ട് ചെയ്യാൻ എത്തിയപ്പോൾ ബാലറ്റ് ഇല്ലായിരുന്നു. ചുരുക്കം ചിലർക്കേ വോട്ടു ചെയ്യാൻ കഴിഞ്ഞുള്ളൂ.

നഷ്ടമായ വോട്ട് ചെയ്യാൻ അവസരമൊരുക്കണമെന്ന് ഉദ്യോഗസ്ഥരും സർവീസ് സംഘടനകളും ആവശ്യപ്പെട്ടിരുന്നു. ജീവനക്കാരുടെ വോട്ടവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ കോടതിയെ സമീപിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ദിവസത്തിന് തലേന്നു തന്നെ ഉദ്യോഗസ്ഥർക്ക് വോട്ടു ചെയ്യാൻ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചെങ്കിലും നടപ്പായില്ല. പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട റിസർവ് ജീവനക്കാരുൾപ്പെടെയുള്ള 12,192 ഉദ്യോഗസ്ഥരിൽ 30 ശതമാനത്തോളം പേർക്കാണ് വോട്ടു ചെയ്യാനാകാത്തത്. ഇനിയെങ്കിലും ഇത്തരം സാഹചര്യം ഉണ്ടാവരുതെന്നാണ് ജീവനക്കാരുടെ ആവശ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം