ജനനായകൻ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്

 


തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ടി.വി.കെ സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ചു. തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ വിജയ് ഗവർണർക്ക് കത്തയച്ചു. 

കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകൾ ലഭിച്ചില്ലെങ്കിലും, ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ തങ്ങളെ ക്ഷണിക്കണമെന്ന് വിജയ് ഗവർണറോട് ആവശ്യപ്പെട്ടു.

ടി.വി.കെ 108 സീറ്റുകൾ നേടിയതായും, ഭൂരിപക്ഷം തെളിയിക്കാൻ അവസരം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതായും ഗവർണറുടെ ചുമതലയുള്ള രാജേന്ദ്ര അർലേക്കറിന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ വിജയ് ആവശ്യപ്പെട്ടു.  നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ രണ്ടാഴ്‌ചത്തെ സമയം പാർടി ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടയിൽ ഭൂരിപക്ഷം സംഘടിപ്പിക്കാനുള്ള ആലോചനയിലാണ് ജനനായകൻ. 234 അംഗ നിയമസഭയിൽ ഭരിക്കാൻ മിനിമം 118 സീറ്റ് വേണം. നടൻ വിജയ് രണ്ടിടത്ത് മത്സരിച്ച് ജയിച്ചതിനാൽ ഒരു സീറ്റ് ഒഴിയണം. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് വിജയിച്ചത്. ചെന്നൈയിലെ പെരമ്പൂർ നിലനിർത്താനാണ് സാധ്യത.

നിലവിലെ സാഹചര്യത്തിൽ 12 അംഗങ്ങളുടെ പിന്തുണ കൂടി വിജയിന് ആവശ്യമാണ്. കോൺഗ്രസ് (5), പാട്ടാളി മക്കൾ കക്ഷി (5), സി.പി.ഐ (2), സി.പി.ഐ (എം-2), മുസ്ലീം ലീഗ് (2) എന്നിവരുടെ പിന്തുണ ലഭിച്ചാൽ ഭരണം നില നിർത്താൻ കഴിയും.

അല്ലെങ്കിൽ 45 അംഗങ്ങളുള്ള എ.ഐ.ഡി.എം.കെയുടെ പിന്തുണ തേടണം. അങ്ങനെ വന്നാൽ ഉപ മുഖ്യമന്ത്രി പദവി ഉൾപ്പെടെയുള്ള സ്ഥാനങ്ങൾ നൽകേണ്ടിവരും. അതിന് വിജയ് താല്പര്യപ്പെടുന്നില്ല. വരും ദിവസങ്ങളിൽ ചിത്രം വ്യക്തമാവും.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ.യ്ക്ക് കനത്ത തിരിച്ചടിയാണ് നേരിട്ടത്. 234 അംഗ നിയമസഭയിൽ 60 സീറ്റിലേക്ക് ഡി.എം.കെ ഒതുക്കപ്പെട്ടു. ഡി.എം.കെ സഖ്യത്തിന് 73 സീറ്റാണ് ലഭിച്ചത്. സ്വന്തം തട്ടകമായ കൊളത്തൂരിൽ ടി.വി.കെ സ്ഥാനാർഥി വി.എസ് ബാബുവിനോട് എണ്ണായിരത്തിലേറെ വോട്ടിന് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ തോറ്റതും പാർടിയെ ഞെട്ടിച്ചു. 

2021ൽ 159 സീറ്റായിരുന്നു  ഡി.എം.കെ സഖ്യം നേടിയത്. പ്രധാന പ്രതിപക്ഷമായിരുന്ന എ.ഐ.ഡി.എം.കെ- ബി.ജെ.പി സഖ്യം 53 സീറ്റിലും ഒതുങ്ങി. 

വിജയ് മത്സരിച്ച  പെരമ്പൂരിൽ അരലക്ഷത്തോളം വോട്ടിനും തിരുച്ചിറപ്പള്ളി ഈസ്റ്റിൽ ഇരുപതിനായിരത്തിലേറെ വോട്ടിനുമാണ് കന്നി മത്സരത്തിൽ ജയിച്ചത്.

ആക്സിസ് മൈ ഇന്ത്യ സർവെ മാത്രമാണ് ടി.വി.കെ 120 സീറ്റ് വരെ നേടുമെന്ന് പ്രവചിച്ചത്. മറ്റുള്ളവരെല്ലാം ഭരണ തുടർച്ച പറഞ്ഞപ്പോൾ,  ജെ.വി.സി സർവെയിൽ എ.ഐ.ഡി.എം.കെ ഭരണത്തിൽ വരുമെന്ന് പറഞ്ഞിരുന്നു.

എം.ജി.ആർ പാർട്ടി രൂപീകരിച്ച ഉടൻ നടന്ന തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ വന്നതിന് സമാനമായ സംഭവമാണ് നടൻ വിജയ് കാഴ്ചവെച്ചത്.

നിയുക്ത മുഖ്യമന്ത്രിയായ വിജയിയുടെ പനയൂരിലെ വീടിന് പുറത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം