പ്രീ പോൾ അണ്ണൻമാരും എക്സിറ്റ് പോൾ ചേട്ടന്മാരും കാണാതെ പോയ സുനാമിയാണ് ഇന്ന് കേരളത്തിൽ ആഞ്ഞടിച്ചത് !
ആക്സിസ് മൈ ഇന്ത്യ, മാട്രിസ്, പീപ്പിൾസ് പൾസ്, വോട്ട് വൈബ്, ജെ.വി.സി, പീപ്പിൾസ് ഇൻസൈറ്റ്, മനോരമ ന്യൂസ് - സീ വോട്ടർ, സി.എൻ.എൻ- ന്യൂസ് 18, എൻ.ഡി.ടി.വി, പി. മാർക്ക്, ചാണക്യ സ്‌ട്രാറ്റജിസ്, ജെർണോ മിറർ തുടങ്ങിയ ഏജൻസികളൊന്നും തന്നെ ടീം യു.ഡി.എഫിന് 102 സീറ്റ് കിട്ടുമെന്ന് പ്രവചിച്ചിട്ടില്ല. ആക്‌സിസ് മൈ ഇന്ത്യ 90 വരെ പ്രവചിച്ചപ്പോൾ സി വോട്ടർ മാത്രമാണ് 94 വരെ ലഭിക്കുമെന്ന് പറഞ്ഞത്.
LDF ഈ തരത്തിൽ മോശം പ്രകടനം കാഴ്ചവെക്കുമെന്നും 35 ൽ ഒതുങ്ങുമെന്നും ഒരു ഏജൻസിയും പറഞ്ഞിരുന്നില്ല. സീ വോട്ടർ 44-56 പറഞ്ഞപ്പോൾ ആക്സിസ് മൈ ഇന്ത്യ 49-62 പ്രവചിച്ചു. 44 ന് താഴെ LDF വരുമെന്ന് ആരും പറഞ്ഞില്ല.
പ്രീ പോൾ സർവേകൾ ഭൂരിഭാഗവും LDF മുന്നേറ്റം പ്രവചിച്ചപ്പോൾ എക്സിറ്റ് പോളിലാണ് UDFന് നേട്ടം ഉണ്ടാവുമെന്ന് കൂട്ടത്തോടെ പറഞ്ഞത്. പീപ്പിൾസ് ഇൻസൈറ്റ് NDA ക്ക് 10-14 വരെ ലഭിക്കുമെന്ന് പ്രവചിച്ചു. ജെ.വി.സി 3-7 വരെ പറഞ്ഞു. മൂന്ന് സർവേകളിൽ മാത്രമാണ് NDA 3 സീറ്റ് നേടുമെന്ന് തറപ്പിച്ച് പറഞ്ഞത്.
സത്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മാത്രമാണ് 100 സീറ്റ് നേടുമെന്ന് മുൻകൂട്ടി പ്രവചിച്ചത്. അതു കേട്ട് കോൺഗ്രസുകാർ പോലും അന്നത് വിശ്വസിച്ചില്ല. ഇന്ന് 102 സീറ്റ് UDF നേടിയപ്പോഴാണ് എല്ലാവരും വിസ്മയിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ UDF മേൽക്കൈ നേടിയതിൻ്റെ തുടർച്ച തന്നെയാണ് നിയമസഭയിലും വിജയം UDF ആവർത്തിച്ചത്.
ഏറ്റവും വിഷമം പിടിച്ച ഒരു കാലത്താണ് കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. പത്ത് വർഷത്തെ ഭരണമില്ലാത്ത അവസ്ഥ, പാർടിക്കുള്ളിലെ നൂറായിരം പ്രശ്‌നങ്ങൾ, നേതാക്കൾക്കിടയിലെ തൊഴുത്തിൽ കുത്തുകൾ, സ്വയം സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ, ജനപ്രതിനിധികൾക്കെതിരെ ഉയർന്ന സ്ത്രീ പീഡന പരാതികൾ, മുണ്ടക്കൈ ചൂരൽമല ഫണ്ട് വിവാദങ്ങൾ എന്നിങ്ങനെ ഒട്ടനവധി പ്രശ്‌നങ്ങൾക്കിടയിലാണ് അവർ ഈ നേട്ടം കൈവരിച്ചത് എന്നത് വിസ്മയകരം തന്നെയാണ്.
കേരളത്തിൽ ഒരു ഭരണ വിരുദ്ധ വികാരം ഉണ്ടെന്ന് ഒരു സർവെയിലും കണ്ടെത്തിയിരുന്നില്ല. UDF അനുകൂല തരംഗമുണ്ടെന്നും ആരും തറപ്പിച്ച് പറഞ്ഞിരുന്നില്ല. പിന്നെ എന്തുകൊണ്ട് UDF ചരിത്രത്തിൽ ഇല്ലാത്ത നേട്ടം കൈവരിച്ചു? LDF ന് ഇത്തരത്തിൽ ഒരു തകർച്ച എങ്ങനെ സംഭവിച്ചു?
അതിൻ്റെ ഉത്തരം ചികഞ്ഞു പോയാൽ നിശബ്‌ദമായ ഒരു പ്രതിവിപ്ലവത്തിൻ്റെ നിഴലനക്കം കാണാനാവും. പ്രാദേശിക തലം മുതൽ സംസ്ഥാന തലം വരെ നീളുന്ന സി.പി.എം നേതൃത്വത്തോടുള്ള അണികളുടെ പ്രതിഷേധമായി ഈ വിധിയെഴുത്തിനെ കാണണം.
ജനങ്ങളിൽ നിന്ന് അകന്നു പോയ പ്രാദേശിക നേതാക്കൾ മുതൽ, ജനങ്ങളുടെ പൾസ് അറിയാൻ കഴിയാത്ത പോളിറ്റ് ബ്യൂറൊ അംഗങ്ങൾ വരെ ഈ തോൽവി ചോദിച്ചു വാങ്ങിയതാണ്. പാർട്ടി അണികളാണ് ഈ സുനാമി സൃഷ്‌ടിച്ചത്. പാർട്ടി കോട്ടകൾ തകർന്നു വീണതും ഒരു ഡസൻ മന്ത്രിമാർ തോറ്റു പോയതും ധർമ്മടം പോലും നെഞ്ചിടിപ്പ് കൂട്ടിയതും വിമതരെ ജയിപ്പിച്ചു വിട്ടതും അണികളുടെ വിപ്ലവമായിരുന്നു ! പാർലിമെൻ്റ്റി വ്യാമോഹത്തിൽ പെട്ടു പോയ പാർട്ടിയെ രക്ഷിക്കാൻ നടത്തിയ ഒരു കായകല്പ ചികിത്സ മാത്രമാണിത്.
LDF അല്ലാതെ മറ്റാരുണ്ട് എന്ന അഹങ്കാരം മുതൽ വാ തുറന്നാൽ പുറത്തുചാടുന്ന ധാർഷ്ട്യ വചനങ്ങൾ വരെ നീളുന്ന ജനാധിപത്യവിരുദ്ധ സമീപനം പ്രബുദ്ധ കേരളത്തിന് ഉൾക്കൊളളാൻ കഴിയുന്നതായിരുന്നില്ല. സമൂഹം കുറ്റാരോപിതരായി കണ്ടിരുന്നവരെ മാറ്റി നിർത്താൻ തയ്യാറാവാതിരുന്നതും അവരെ വെള്ള പൂശാൻ പാടുപെട്ടതും പാർട്ടിക്കാർക്ക് ഉൾക്കൊള്ളാൻ കഴിയുന്ന കാര്യവുമായിരുന്നില്ല. ഏകശിലാ ഘടനയിലേക്ക് കൂപ്പുകുത്തിയ നേതൃത്വത്തിന് ഈ നിശബ്‌ദ വിപ്ലവം തിരിച്ചറിയാൻ കഴിഞ്ഞില്ല.
ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന പല്ലവി എല്ലാ കാലത്തും ശരിയാവണമെന്നില്ല. വിമർശിക്കുന്നവരെ ശത്രുപക്ഷത്ത് നിർത്തുന്നതും ഒതുക്കുന്നതും സ്വയം വിമർശനം പാടെ ഉപേക്ഷിച്ചതുമെല്ലാം ഈ തകർച്ചക്ക് കാരണമായിട്ടുണ്ട്.
എന്നാൽ ജനങ്ങളുടെ പൾസ് അറിഞ്ഞ് പ്രവചനം നടത്താൻ കഴിഞ്ഞ ഏക നേതാവ് വി.ഡി സതീശനാണ്. പുതുയുഗ യാത്ര നടത്തുന്ന സമയത്താണ് അദ്ദേഹം കൃത്യമായ പ്രവചനം ആദ്യം നടത്തിയത്. പക്ഷേ മുഖ്യമന്ത്രി കസേര അദ്ദേഹത്തിന് കിട്ടുമെന്ന് ഉറപ്പ് പറയാറായിട്ടില്ല. കസേര ലഭിച്ചാൽ തന്നെ മികച്ച മുഖ്യമന്ത്രി ആവാൻ കഴിയുമോ? പാർടിക്കുള്ളിലെ തൊഴുത്തിൽ കുത്തും തമ്മിലടിയും മുന്നണിയിലെ പടല പിണക്കങ്ങളും ഇല്ലാതെ മുന്നോട്ടു നയിക്കാൻ കഴിയുമോ എന്നെല്ലാം കാത്തിരുന്ന് കാണാം.
പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ അടുത്ത അഞ്ച് വർഷം സി.പി.എമ്മും LDF ഉം മികച്ച പ്രകടനം നടത്തുക തന്നെ ചെയ്യും. പ്രസ്ഥാനത്തിൻ്റെ ജനകീയ അടിത്തറ ഭദ്രമാണ്. സമര പരമ്പരകളുടെ ഇടിമുഴക്കം തുടരുമെന്ന് ഉറപ്പാണ്. അടുത്ത അഞ്ച് വർഷത്തെ കായകല്പ ചികിത്സ കഴിയുമ്പോൾ ഇതേ വോട്ടർമാർ തന്നെ ഈ ഫലം തിരിച്ചിടാനും മടിക്കില്ല.
ടി വി എം അലി
swalenewsptb@gmail.com
