പട്ടാമ്പി നഗര ഭരണ സിരാകേന്ദ്രത്തിലും താലൂക്ക് ആസ്ഥാനത്തും സർക്കാർ ആശുപത്രിയിലും, വിദ്യാലയങ്ങളിലും എത്തിച്ചേരാനുള്ള ഏക പാതയായ ടി.ബി റോഡിന്റെ തകർച്ചക്ക് പരിഹാരമായില്ല.
പട്ടാമ്പി ടി.ബി റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയാണ്. റോഡിൽ നിരവധി കുഴികളും വെള്ളക്കെട്ടുകളും രൂപപ്പെട്ടതിനാൽ വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ഏറെ പ്രയാസം അനുഭവിക്കുന്നുണ്ട്. മഴ തുടങ്ങിയതോടെ യാത്ര ഏറെ ക്ലേശകരമാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും മഴക്കുഴിയിൽ ചാടി അപകട സാധ്യത വർധിക്കുകയും ചെയ്യുന്നുണ്ട്.
നഗരസഭാ ഓഫീസ്, റസ്റ്റ് ഹൗസ്, സിവിൽ സ്റ്റേഷൻ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കൃഷി ഓഫീസ്, താലൂക്ക് ആശുപത്രി, പകൽ വീട്, പാരലൽ കോളേജ്, എം.ഇ.എസ് ഇൻ്റർനാഷണൽ സ്കൂൾ തുടങ്ങിയ സ്ഥാപനങ്ങളിൽ എത്താനുള്ള റോഡിനാണ് ദുഃസ്ഥിതി.
സ്കൂൾ തുറന്നതോടെ ഈ റോഡിലൂടെ വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. റോഡിന്റെ മോശം അവസ്ഥ കാരണം ഗതാഗത കുരുക്കും തടസ്സങ്ങളും പതിവാണ്.
പട്ടാമ്പി ടി.ബി റോഡിന്റെ നിലവിലെ ദുരവസ്ഥ പരിഗണിച്ച് അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ പ്രക്ഷോഭത്തിനിറങ്ങുമെന്ന് വെൽഫെയർ പാർട്ടി പട്ടാമ്പി ടൗൺ യൂണിറ്റ് യോഗം മുന്നറിയിപ്പ് നൽകി. കെ.പി ഹമീദ്, പി.റിയാസ്, പി.ബഷീർ, വി.ഷാഫി എന്നിവർ സംസാരിച്ചു.
