കേരളത്തിലെ നെൽകൃഷി മേഖലയ്ക്കും കർഷകർക്കും പുത്തൻ പ്രതീക്ഷയേകി പട്ടാമ്പി റീജിയണൽ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിൽ (RARS) അത്യാധുനിക 'റൈസ് പ്രോസസ്സിംഗ് സർവീസ് സെന്ററും ഡെമോൺസ്ട്രേഷൻ യൂണിറ്റും' സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടാമ്പി നഗരസഭാധ്യക്ഷൻ ടി.പി ഷാജി സംസ്ഥാന കൃഷി വകുപ്പുമന്ത്രിക്ക് നിവേദനം നൽകി. ഇതു സംബന്ധിച്ച് തയ്യാറാക്കിയ 5 കോടി രൂപയുടെ സമഗ്ര പദ്ധതി രേഖയും കൈമാറി.
നെല്ലിന്റെയും അരിയുടെയും മൂല്യവർധിത ഉല്പന്നങ്ങളുടെ ഉത്പാദനത്തിനും സംസ്‌കരണത്തിനുമായി ആധുനിക സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള പട്ടാമ്പി RARS നെല്ല് ഗവേഷണ രംഗത്തെ സംസ്ഥാനത്തെ പ്രധാന സ്ഥാപനമായതിനാൽ പദ്ധതി നടപ്പിലാക്കാൻ ഏറ്റവും അനുയോജ്യമായ കേന്ദ്രമാണിത്. കർഷകർക്കും സംരംഭകർക്കും ഈ പദ്ധതി കൈത്താങ്ങാകും.
കേരളത്തിൽ നെൽകൃഷി ഭൂവിസ്‌തൃതി കുറയുകയും ഉല്പാദനച്ചെലവ് വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരുടെ വരുമാനം വർധിപ്പിക്കാൻ മൂല്യവർധിത ഉൽപ്പന്ന വികസനം അനിവാര്യമാണെന്ന് പദ്ധതി രേഖയിൽ ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രീയമായ സംസ്കരണ സൗകര്യങ്ങളുടെ കുറവ് മൂലം നിലവിൽ കർഷകർക്കും വനിതാ സ്വയം സഹായ സംഘങ്ങൾക്കും ഇതിന്റെ പ്രയോജനം പൂർണ്ണമായി ലഭിക്കുന്നില്ല.
പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അരി, അവിൽ, പൊരി, അരിപ്പൊടി, ഹെൽത്ത് മിക്‌സ്, റെഡി-ടു-കുക്ക് ഉല്പന്നങ്ങൾ, ഗ്ലൂട്ടൻ ഫ്രീ ഭക്ഷ്യവസ്‌തുക്കൾ തുടങ്ങിയവ ശാസ്ത്രീയമായി ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കാൻ സാധിക്കും. ഇത് വഴി വലിയ രീതിയിലുള്ള വിപണി സാധ്യതയാണ് ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ പ്രധാന ഘടകങ്ങൾ ഇവയാണ്:
കെട്ടിട നിർമ്മാണവും സിവിൽ വർക്കുകളും: പ്രോസസ്സിംഗ് ഹാൾ, അസംസ്കൃത വസ്‌തു സംഭരണശാല, ഗോഡൗൺ, ലാബ്, പരിശീലന ഹാൾ എന്നിവയ്ക്കായി 200 ലക്ഷം രൂപ.
യന്ത്രങ്ങളും ഉപകരണങ്ങളും: മിനി റൈസ് മിൽ, പാഡി ക്ലീനർ, ഡിസ്റ്റോണർ, പാഡി ഡ്രയർ, റൈസ് പോളിഷർ, പൾവറൈസർ, അവിൽ-പൊരി നിർമ്മാണ യൂണിറ്റുകൾ എന്നിവയ്ക്കായി 180 ലക്ഷം രൂപ.
ഗുണനിലവാര പരിശോധന ലാബ്: ഉല്പന്നങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ 35 ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ. പാക്കേജിംഗ് & മൂല്യവർധന യൂണിറ്റ്: ആകർഷകമായ പാക്കേജിംഗിനായി 40 ലക്ഷം രൂപ.
മറ്റ് സൗകര്യങ്ങൾ: വൈദ്യുതി, യൂട്ടിലിറ്റി സൗകര്യങ്ങൾക്ക് 20 ലക്ഷം രൂപയും, ഫർണിച്ചർ, ഐ.ടി സൗകര്യങ്ങൾക്ക് 10 ലക്ഷം രൂപയും, പരിശീലന ആവശ്യങ്ങൾക്ക് 15 ലക്ഷം രൂപയും. ആകെ പദ്ധതി ചെലവ്: 500 ലക്ഷം രൂപ (5 കോടി രൂപ).
വനിതാ ശാക്തീകരണവും തൊഴിലവസരങ്ങളും: നെൽകർഷകർ, കർഷക ഉല്പാദക സംഘടനകൾ (FPO), കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, ഗ്രാമീണ യുവാക്കൾ, കാർഷിക സംരംഭകർ, സ്റ്റാർട്ടപ്പുകൾ എന്നിവർക്ക് ഈ പദ്ധതിയുടെ നേരിട്ടുള്ള ഗുണഫലം ലഭിക്കും.
കർഷകർക്കും വനിതാ സംരംഭകർക്കുമായി പ്രത്യേക പരിശീലന ക്ലാസുകളും ടെക്നോളജി ഡെമോൺസ്ട്രേഷനും ഒരുക്കുന്നതിനും, പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഗ്രാമീണ തൊഴിലവസരങ്ങൾ വർധിപ്പിക്കാനും സാധിക്കും. ഇതിനാവശ്യമായ ധനസഹായവും മാർഗ്ഗ നിർദ്ദേശങ്ങളും അടിയന്തരമായി അനുവദിക്കണമെന്നും നഗരസഭാ ചെയർ പേഴ്‌സൺ ടി.പി ഷാജി കൃഷിമന്ത്രിയോട് അഭ്യർത്ഥിച്ചു.
