കണ്ണൂർ പിലാത്തറയിൽ ഒഴിഞ്ഞ പറമ്പിൽ രക്തക്കറകളോടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാർ കണ്ടെത്തി; ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം ഊർജ്ജിതം

കണ്ണൂർ പിലാത്തറ കോ- ഓപ്പറേറ്റീവ് കോളേജിന് സമീപത്തെ ഒഴിഞ്ഞ പറമ്പിലാണ് ദുരൂഹ സാഹചര്യത്തിൽ കാർ കണ്ടെത്തിയത്.  കെ.എൽ-58 AN-2059  നമ്പറിലുള്ള ഗ്രേ നിറത്തിലുള്ള കാറാണ് ബോണറ്റും ഡോറുകളും തുറന്നിട്ട നിലയിൽ  കണ്ടെത്തിയത്. കാറിനകത്ത് ഒരു താണ്ഡവം നടന്നതുപോലെയുള്ള ദൃശ്യങ്ങളാണ് കാണപ്പെടുന്നത്. പുറത്തേക്ക് വാരിവലിച്ചിട്ട വസ്ത്രങ്ങളിൽ ചോരയൊഴുകി കട്ടപിടിച്ച പാടുകളുണ്ട്. 

പെരിന്തൽമണ്ണ ഭാഗത്തുനിന്നാണ് ഈ കാർ പിലാത്തറയിൽ എത്തിയതെന്നാണ് പോലീസിന് ലഭിക്കുന്ന പ്രാഥമിക വിവരം. സംഭവത്തിൽ വലിയ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.  കാറിനകത്തെ സീറ്റുകളും ഡാഷ്ബോർഡിന്റെ ഭാഗങ്ങളും ഫ്ലോർ മാറ്റുകളും പൂർണ്ണമായും അഴിച്ചുമാറ്റിയോ തകർത്തോ പരിശോധിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. വണ്ടിയിലുണ്ടായിരുന്ന ബാഗുകൾ, തുണികൾ, കുട്ടികളുടെ വസ്ത്രങ്ങൾ, വിവിധ കവറുകൾ തുടങ്ങിയവയെല്ലാം വണ്ടിയുടെ പുറത്ത് വശങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലാണ്. 

സ്വർണ്ണക്കടത്ത് മാഫിയകളോ, മറ്റു ക്രിമിനൽ സംഘങ്ങളോ വണ്ടിക്കുള്ളിൽ ഒളിപ്പിച്ച് വെച്ച എന്തോ സാധനം കണ്ടെത്താനായി നടത്തിയ ആക്രമണമാണെന്ന സംശയവും ശക്തമാണ്. വിരയടയാള വിദഗ്ധരും സയൻ്റിഫിക്ക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി.  കാറിൻ്റെ ഉടമസ്ഥനെ കണ്ടെത്താനും പ്രദേശത്തെ CCTV ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും യുദ്ധകാല അടിസ്ഥാനത്തിൽ അന്യേഷണം പുരോഗമിക്കുകയാണ്.

കാറിലുണ്ടായിരുന്നത് സ്വർണ്ണവ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് പോലീസ് സംശയിക്കുന്നത്. കാറിനുള്ളിലെ രഹസ്യ അറകളിലോ മറ്റോ ഒളിപ്പിച്ചിരുന്ന സ്വർണ്ണമോ പണമോ കവരുന്നതിനായി വണ്ടി തടഞ്ഞുനിർത്തി ആക്രമിച്ചതാകാം എന്ന നിഗമനത്തിലാണ് പോലീസ്. വണ്ടിക്ക് അകത്തുള്ള ഭാഗങ്ങൾ വരെ കുത്തിപ്പൊളിച്ച നിലയിലായതിനാൽ കൃത്യമായ ആസൂത്രണത്തോടെയുള്ള കൊള്ളയാണ് നടന്നതെന്ന് കരുതുന്നു.

ഇന്ന് (ചൊവ്വാഴ്ച) രാവിലെ പ്രഭാത സവാരിക്കിറങ്ങിയ നാട്ടുകാരാണ്  ഈ അവസ്ഥയിൽ ആദ്യം കാർ കണ്ടത്. ഉടൻ തന്നെ വിവരം പരിയാരം പോലീസിൽ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കാറിൽ യാത്ര ചെയ്തിരുന്നവർക്ക് എന്ത് സംഭവിച്ചു എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല.

കുഴൽപ്പണ-പിടിച്ചുപറി സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പും പിലാത്തറ ഭാഗത്ത് സ്വർണ്ണക്കവർച്ചാ സംഘങ്ങളും കുഴൽപ്പണ സംഘങ്ങളും തമ്മിൽ ഏറ്റുമുട്ടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, അന്തർ സംസ്ഥാന ബന്ധമുള്ള പ്രൊഫഷണൽ കൊള്ളസംഘങ്ങളാണോ ഈ ആക്രമണത്തിന് പിന്നിലെന്ന കാര്യം പോലീസ് ഗൗരവമായി പരിശോധിക്കുന്നുണ്ട്. കാറിലെ ചോരപ്പാടുകൾ വലിയൊരു അക്രമം നടന്നതിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ, പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം