വർഷങ്ങൾക്കു മുമ്പ് പട്ടാമ്പി ഗവ.സംസ്‌കൃത കോളേജ് കാമ്പസിൻ്റെ മതിലുകളിലാണ് ആദ്യമായി ചിത്രങ്ങൾ രചിക്കപ്പെട്ടത്. മനോഹരമായ ചിത്രങ്ങൾക്ക് അടിക്കുറിപ്പായി ബോധവൽക്കരണ സന്ദേശങ്ങളും ഇടം പിടിച്ചു.
അന്ന് ആ ചിത്രങ്ങൾ കാണാനും ക്യാമറകളിൽ പകർത്താനും നിരവധി പേർ എത്തിയിരുന്നു. പൊതു നിരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റിയ ആ പ്രവൃത്തി ഇപ്പോഴും നഗരസഭ തുടരുകയാണ്.
വൃത്തിഹീനമായി കിടന്നിരുന്ന മതിലുകളെല്ലാം കാൻവാസായി മാറിയപ്പോൾ കണ്ണിന് കുളിർമ പകർന്ന് നൽകുന്ന വർണ്ണ ചിത്രങ്ങളാണ് പിറവി കൊണ്ടത്. പട്ടാമ്പി നഗരസഭയിലെ ജീവനക്കാരായ ഗോപാലകൃഷ്ണനും ഷിബുവുമാണ് ചിത്രകാരന്മാർ.
പട്ടാമ്പി നഗരത്തിൽ എത്തുന്നവർക്ക് കാഴ്ചകൾ സമ്മാനിക്കുകയാണിവർ. പ്രശസ്ഥരായ ചിത്രകാരന്മാരുടെ ചിത്രങ്ങളോട് കിടപിടിക്കുന്ന ചിത്രങ്ങളാണ് ഇവർ പട്ടാമ്പിയിലെ വിവിധയിടങ്ങളിലായി ഒരുക്കുന്നത്.
ഒറ്റപ്പാലം സ്വദേശി ഗോപാലകൃഷ്ണനും ഷൊർണൂർ സ്വദേശി ഷിബുവും എംപ്ലോയ്മെൻ്റ് വഴിയാണ് പട്ടാമ്പി നഗരസഭയിലെ ജീവനക്കാരായി എത്തുന്നത്. ചിത്രങ്ങൾ വരക്കാനുള്ള ഇവരുടെ താൽപ്പര്യവും കഴിവും മനസ്സിലാക്കിയവരാണ് ദൗത്യത്തിന് ചുമതലപ്പെടുത്തിയത്. അങ്ങനെയാണ് ചിത്രരചനയെ പൊതുയിടങ്ങളിലേക്ക് ഇവർ പറിച്ചുനട്ടത്.
വരയുടെ അടിസ്ഥാന പാഠങ്ങൾ ഒന്നും ഇവർ പഠിച്ചിട്ടില്ല. ജന്മസിദ്ധമായ കഴിവാണ് ഇവരെ നയിക്കുന്നത്. ചിത്രകൂടത്തിൻ്റെ പടി ചവിട്ടാത്തവരാണ് ഇത്ര മനോഹരങ്ങളായ ചിത്രങ്ങൾ വരച്ചതെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. എവിടെയും നോക്കാതെ മനസ്സിലുള്ള ചിത്രങ്ങളാണ് ഇവർ മികവോടെ മതിലുകളിലേക്ക് പകർത്തുന്നത്.
ഇവർ സ്വയം തയ്യാറാക്കുന്ന നിറക്കൂട്ടുകൾ തന്നെയാണ് ചിത്രങ്ങൾക്ക് വർണം ചാലിക്കുന്നത്. നഗരസഭയിലെ ജോലിക്കിടയിൽ കിട്ടുന്ന ഒഴിവ് സമയങ്ങളാണ് ചിത്ര രചനയ്ക്കായി ഇവർ ഉപയോഗപ്പെടുത്തുന്നത്. പട്ടാമ്പി നഗരത്തിൻ്റെ മുഖച്ഛായ മാറ്റുന്നതിൽ ഇവരുടെ പങ്ക് ചെറുതല്ല.
