നിപ: ആരോഗ്യ പ്രവർത്തകയുടെ പരിശോധന ഫലവും നെഗറ്റീവ്


നിപ രോഗബാധിതന്റെ സമ്പർപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ സാമ്പിൾ ശേഖരിച്ച ആരോഗ്യ പ്രവർത്തകയുടെ പരിശോധനാ ഫലവും നെഗറ്റീവ്.  ഇതോടെ രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധനയ്ക്ക് വിധേയമാക്കിയ 15 പേരുടെയും പരിശോന ഫലങ്ങൾ നെഗറ്റീവ് ആണ്.

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. രോഗബാധിതന്റെ  സമ്പർക്ക പട്ടികയിൽ ഇന്ന് പുതുതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇതിൽ 4 പേർ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരും,   14 പേർ ഉയർന്ന വിഭാഗത്തിൽപെട്ടവരും 86 പേർ കുറഞ്ഞ റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരും ആണ്. രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5ലെ 81 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.

സംശയ നിവാരണത്തിനായി ഇതുവരെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 89 ഫോൺ വിളികൾ എത്തി.  സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നും ജില്ലാ കൺട്രോൾ റൂമിൽ നിന്ന് ആരോഗ്യപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു. ജില്ലാ മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി  ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

അതിനിടെ സംസ്ഥാനത്ത്  ഇന്ന് 13 ഷിഗെല്ല കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു.  കോഴിക്കോട് 4, മലപ്പുറം, കണ്ണൂർ 3 വീതം, പാലക്കാട് 2, കൊല്ലം 1  എന്നിവിടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്.  

സംസ്ഥാനത്ത് ജൂൺ മാസം 133 കേസുകളും 5 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  ഈ വർഷം ഇതുവരെ 209 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു. 

കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (40), വയനാട് (18), തൃശൂർ (11)  ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. 

മലപ്പുറം (19),  തിരുവനന്തപുരം (15),  കൊല്ലം (9), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (10), പാലക്കാട് (3) എന്നിവിടങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം