സാഹിത്യകാരനും പത്ര പ്രവർത്തകനുമായിരുന്ന എം.ടി വേണുവിൻ്റെ അനുസ്മരണ ദിനത്തിൽ എടപ്പാളിൽ സാഹിത്യോത്സവം സംഘടിപ്പിച്ചു. ഒരു പകൽ നീണ്ടുനിന്ന പരിപാടികളിൽ സാഹിത്യ വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.
എടപ്പാളിലെ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ എം.ടി വേണുവിൻ്റെ കൃതികളുടെ പ്രദർശനത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. മാധ്യമ പ്രവർത്തകൻ ഉണ്ണി ശുകപുരം പ്രദർശനം ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന സാഹിത്യ ക്യാമ്പ് എഴുത്തുകാരനും സംഗീത നാടക അക്കാദമി മുൻ സെക്രട്ടറിയുമായ ഡോ. പ്രഭാകരൻ പഴശ്ശി ഉദ്ഘാടനം ചെയ്തു. സാഹിത്യ രംഗത്തെ നൂതന പ്രവണതകളും ജീർണ്ണതകളും സംബന്ധിച്ച് അദ്ദേഹം സംസാരിച്ചു. ജിതേന്ദ്രൻ കോക്കാട് അധ്യക്ഷത വഹിച്ചു. ഡോ.ടി.വി സ്മിതാദാസ് കലയും കാലവും എന്ന വിഷയത്തിലും, വി.കെ.ടി വിനു പുതിയ കാലത്തെ എഴുത്ത് എന്ന വിഷയത്തിലും ക്ലാസെടുത്തു. പ്രഭാകരൻ നടുവട്ടം, ഹരി കെ.പുരക്കൽ, രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.
ഉച്ചക്ക് ശേഷം നടന്ന സാഹിത്യ സദസ്സ് കഥാകൃത്തും മാധ്യമ പ്രവർത്തകനുമായ ടി.വി.എം അലി ഉദ്ഘാടനം ചെയ്തു. രേഖ മുരളീധരൻ മോഡറേറ്ററായി. കവികളായ ധന്യ ഉണ്ണികൃഷ്ണൻ, അഭിലാഷ് എടപ്പാൾ, ഉണ്ണികൃഷ്ണൻ കുറുപ്പത്ത്, ശ്രീലക്ഷ്മി മങ്ങാട്, വി.കൃഷ്ണൻ അരിക്കാട്, സൗദ പൊന്നാനി, എം.വി മനോജ് കുമരനല്ലൂർ, എ.മാജിദ, അലിസ ശിഹാബ്, വസന്ത അരിക്കാട്, എ.പി നസല നർഗീസ്, മുർഷിദ കടവനാട്, സജിത്ത് ശ്യാം, നിവേദ്യ അരിക്കാട് തുടങ്ങിയവർ രചനകൾ അവതരിപ്പിച്ചു. സുമേഷ് നിഹാരിക എം.ടി വേണുവിൻ്റെ കൃതികളെ പരിചയപ്പെടുത്തി.
വൈകുന്നേരം നടന്ന ആദര സദസ്സും പുരസ്കാര സമർപ്പണവും ഡോ.അബ്ദുൽ സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.പി.പി മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ഡോ.എം.പി അബ്ദുൽ സമദ് സമദാനി എം.പിയും, എം.ടി വേണുവിൻ്റെ സഹധർമ്മിണി രാധാലക്ഷ്മി അമ്മയും ചേർന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ലത്തീഫ് കുറ്റിപ്പുറത്തിന് എം.ടി വേണു പുരസ്കാരം സമ്മാനിച്ചു. പി.വി ജയൻ ക്യാഷ് അവാർഡ് നൽകി. വിവിധ മേഖലകളിൽ മികവ് പുലർത്തിയ കുമാരൻ കുറ്റിപ്പാല, ഷാജി കുഞ്ഞൻ, വേണു ഞാങ്ങാട്ടിരി, ശ്രീകല ഗുരുക്കൾ, പ്രേംകുമാർ മദിരശ്ശേരി, രാജേഷ് നന്ദിയംകോട്, മിനി, അഞ്ജു അരവിന്ദ് എന്നിവരെ ആദരിച്ചു.
അക്ഷരജാലകം- എം.ടി വേണു സാഹിത്യ രചനാ മത്സരത്തിൽ സമ്മാനം നേടിയവരെയും അനുമോദിച്ചു. ഹുസൈൻ തട്ടത്താഴത്ത്, എം.ടി രവീന്ദ്രൻ, ഗണേഷ്, ഭാസ്കരൻ, വേലപ്പ, കൃഷ്ണൻ ഷോണ, അച്ചുതൻ രംഗസൂര്യ എന്നിവർ സംസാരിച്ചു. താജിഷ് ചേക്കോട് സ്വാഗതവും നിസരി മേനോൻ നന്ദിയും പറഞ്ഞു.

എംടി വേണു മികച്ച കഥാകൃത്തും പത്രപ്രവർത്തകനുമായിരുന്നു
മറുപടിഇല്ലാതാക്കൂ