പ്രവാചകൻ മുഹമ്മദ് നബിയുടെ ജീവിത ദർശനങ്ങളും മാനവസ്നേഹ സന്ദേശവും ആധുനിക സമൂഹത്തിൽ പ്രാവർത്തികമാക്കേണ്ടത് അനിവാര്യമാണെന്ന് റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു. എസ്.വൈ.എസ് തൃത്താല സോൺ കമ്മിറ്റി സംഘടിപ്പിച്ച ‘സ്നേഹലോകം’ കുമ്പിടിയിൽ പ്രൗഢമായി നടന്നു.
പരിപാടി സമസ്ത കേന്ദ്ര മുശാവറ അംഗം കൊമ്പം കെ.പി. മുഹമ്മദ് മുസ്‌ലിയാർ ഉദ്‌ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് ഹാഫിള് സ്വഫ്വാൻ റഹ്മാനി അധ്യക്ഷത വഹിച്ചു.
നബിയുടെ രാഷ്ട്രീയവും സാമൂഹികവുമായ ദർശനങ്ങളെ ആസ്പദമാക്കി എട്ട് സെഷനുകളിലായി നടന്ന ചർച്ചകളിൽ എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം, അബ്ദുൽ ജലീൽ അഹ്സനി ചങ്ങാനി, എം. അബ്ദുൽ മജീദ് അരിയല്ലൂർ, സിറാജുദ്ദീൻ സഖാഫി കൈപ്പമംഗലം, എഴുത്തുകാരൻ പ്രദീപ് പേരശ്ശനൂർ, അശ്റഫ് അഹ്സനി ആനക്കര, കെ.ബി ബഷീർ തൃശൂർ, എം.വി സിദ്ദീഖ് സഖാഫി ഒറ്റപ്പാലം എന്നിവർ പ്രഭാഷണം നടത്തി.
പരിപാടിയോടനുബന്ധിച്ച് എക്സ്പോ, പുസ്തകമേള, സൗഹൃദച്ചായ, സ്നേഹായനം തുടങ്ങിയവയും ശ്രദ്ധേയമായി. രാവിലെ കുമ്പിടി ഖബർസ്ഥാനിൽ സിയാറത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. സയ്യിദ് കമാൽ തങ്ങൾ പതാക ഉയർത്തി.
