യുവാവിനെ കാടുവെട്ട് യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിയുടെ പരാക്രമം ജയിലിലും.
ചാത്തങ്ങാട്ടുപുറം പ്രവീണിനെ (35) കഴുത്തറുത്തു കൊന്ന കേസിലെ പ്രതി ചാരങ്കാവ് സ്വദേശി മൊയ്‌തീൻ കുട്ടി (36) യാണ് സമനില തെറ്റിയ വിധം ജയിലിൽ പെരുമാറിയത്. ഇയാളെ ജയിലധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊയ്‌തീൻ കുട്ടി ലഹരിക്ക് അടിമയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് പറഞ്ഞിരുന്നു.
ഞായറാഴ്ച രാവിലെ 6.45ന് മഞ്ചേരി ചാരങ്കാവിലാണ് പ്രവീണിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് മൊയ്തീൻ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
ജോലിക്കു പോകാനായി നിൽക്കുകയായിരുന്ന പ്രവീണും സുഹൃത്തായ സുരേന്ദ്രനും ബൈക്കിൽ ചാരി നിൽക്കുമ്പോൾ പ്രതിയായ മൊയ്‌തീൻ ഇവരുടെ അടുത്തെത്തി പുല്ല് വെട്ടുന്നതിനായി കാട് വെട്ടുന്ന യന്ത്രം ചോദിക്കുകയും യന്ത്രം എടുത്ത് നൽകിയ ഉടൻ തന്നെ ഓൺ ചെയ്‌ത് പ്രവീണിൻ്റെ കഴുത്തിനു നേരെ വീശുകയായിരുന്നു. പ്രവീൺ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
