ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പും തൃത്താല ബ്ലോക്കും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന കിസാൻ മേള സമാപിച്ചു.
കൂറ്റനാട് ഫാം നെറ്റിൽ നടന്ന കിസാൻ മേളയുടെ ഉദ്ഘാടനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ:വി.പി.റജീന നിർവഹിച്ചു. ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വിജേഷ് കുട്ടൻ അധ്യക്ഷത വഹിച്ചു. തൃത്താല കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മാരിയത്ത് കിബിത്തിയ പദ്ധതി വിശദീകരണം നടത്തി.
ചാലിശ്ശേരി പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ ആനി വിനു, പഞ്ചായത്ത് അംഗം ഫാത്തിമത് സിൽജ, സി.ഡി.എസ്. ചെയർ പേഴ്സൺ ലത സൽഗുണൻ,
വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ യൂസഫ് പണിക്കവീട്ടിൽ, സെയ്തു മുഹമ്മദ്, അബ്ദുൽ മുത്തലീബ്, കുഞ്ഞുകുട്ടൻ, തൃത്താല അർബൻ ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ് സേതു മംഗലത്ത്, ക്ഷീര കർഷക സമിതി പ്രസിഡൻറ് പി.ബി.സുനിൽകുമാർ, ഫാം നെറ്റ് ഡയറക്ടർ ഉണ്ണി മങ്ങാട്ട് എന്നിവർ സംസാരിച്ചു.
ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണൻ സ്വാഗതവും, പട്ടിത്തറ ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ എം.എസ്.ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു. ചാലിശ്ശേരി കൃഷിഭവനിൽ നിന്നും സ്ഥാനക്കയറ്റം ലഭിച്ച് സ്ഥലം മാറി പോകുന്ന കൃഷി ഓഫീസർ സുദർശൻ രാമകൃഷ്ണനെ ഫാം നെറ്റ് ആദരിച്ചു.
നെൽകൃഷിയിലെ നൂതന സൂക്ഷ്മ വള പ്രയോഗങ്ങൾ, കീട പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച്കൃഷി വിദഗ്‌ദർ അമലും, ബിജോയും ക്ലാസെടുത്തു. സോയിൽ കാമ്പയിൻ്റെ ഭാഗമായി തെങ്ങ് കർഷകർക്ക് പാലക്കാട് മൊബൈൽ സോയിൽ ടെസ്റ്റിംഗ് ലാബ് കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ ജാസ്മിൻ ക്ലാസ് നയിച്ചു. കർഷകരെ വലക്കുന്ന തെങ്ങ്, കവുങ്ങ് മരങ്ങളിലെ ഇല മഞ്ഞളിപ്പിൻ്റെ കാരണങ്ങളും പ്രതിവിധികളും ക്ലാസിൽ വിശദീകരിച്ചു. കൃഷിയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ നിന്നുള്ള സ്റ്റാളുകളും മേളയുടെ ഭാഗമായിരുന്നു.
