പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തിൽ യു.ഡി.എഫ് അംഗമായ കെ.ജി എൽദോയായിരുന്നു എൽ.ഡി.എഫിലെ ടി.എം ശശിയുടെ എതിർ സ്ഥാനാർഥി. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ എൻ.സരിതക്കെതിരെ യു.ഡി.എഫ് അംഗം റഫീഖ എതിർ സ്ഥാനാർഥിയായി. ഇരുവോട്ടെടുപ്പിലും എൽ.ഡി.എഫിന് 19ഉം, യു.ഡി.എഫിന് 12 വീതം വോട്ടും കിട്ടി.
പ്രസിഡന്റിന് വരണാധികാരിയായ കലക്ടർ എം.എസ് മാധവിക്കുട്ടിയും വൈസ് പ്രസിഡന്റിന് പ്രസിഡന്റും സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് നിലവിൽ വന്നശേഷം തുടർച്ചയായി എൽ.ഡി.എഫ് ഭരണ സമിതിയാണ്.
തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ പ്രസിഡന്റ്, വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ പാലക്കാട് ജില്ലയിലെ 51 ഗ്രാമപഞ്ചായത്തുകളിൽ എൽ.ഡി.എഫ് പ്രതിനിധികൾ പ്രസിഡന്റുമാരായി. 35 പഞ്ചായത്തുകളിൽ യു.ഡി.എഫ് പ്രസിഡൻ്റുമാരും രണ്ടിടത്ത് എൻ.ഡി.എ പ്രസിഡന്റുമാരുമാണ്.
ആകെയുള്ള 13 ബ്ലോക്ക് പഞ്ചായത്തുകളിൽ 10ലും എൽ.ഡി.എഫ് പ്രസിഡന്റുമാരാണ്. ഒപ്പത്തിനൊപ്പം വന്ന തൃത്താല ബ്ലോക്ക് പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിലെ പി.ആർ കുഞ്ഞുണ്ണി പ്രസിഡന്റായി. വൈസ് പ്രസിഡൻ്റ് സ്ഥാനം യു.ഡി.എഫിനാണ്. തുല്യ കക്ഷി നില വന്ന അഞ്ച് പഞ്ചായത്തുകളിൽ മൂന്നിലും നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് പ്രസിഡൻ്റുമാർ വന്നു.
കോട്ടായി, കൊപ്പം, പറളി പഞ്ചായത്തുകളിലാണ് നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് പ്രസിഡൻ്റുമാർ എത്തിയത്. ചളവറ, മാത്തൂർ പഞ്ചായത്തുകളിൽ യു.ഡി.എഫ് പ്രതിനിധികളാണ് പ്രസിഡൻ്റുമാർ. ഇതിൽ പറളിയിൽ എൽ.ഡി.എഫ്- എൻ.ഡി.എ കക്ഷികളാണ് ഒപ്പത്തിനൊപ്പം. പറളിയിൽ നറുക്കെടുപ്പിലൂടെ എൻ.ഡി.എ പ്രതിനിധി വൈസ് പ്രസിഡന്റായി.
ചളവറയിൽ എൽ.ഡി.എഫിനും കോട്ടായി, മാത്തൂർ, കൊപ്പം എന്നിവിടങ്ങളിൽ യു.ഡി 1എഫിനുമാണ് വൈസ് പ്രസിഡൻ്റ് സ്ഥാനം. ജില്ലയിൽ എൽ.ഡി.എഫിന് ഭൂരിഭാഗം പഞ്ചായത്തുകളിലെ ഭരണം ലഭിച്ചതോടെ ഇടതുപക്ഷത്തിൻ്റെ കരുത്ത് ചോർന്നിട്ടില്ല എന്നതിന് തെളിവായി.
കഴിഞ്ഞ തവണ 63 ഗ്രാമപഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലുമായിരുന്നു എൽ.ഡി.എഫ് ഭരണം. ഇത്തവണ 51 പഞ്ചായത്തുകളിലും പത്ത് ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണം നിലനിർത്തി. യു.ഡി.എഫിൽ നിന്ന് പരുതൂർ, കുഴൽമന്ദം, പെരിങ്ങോട്ടുകുറുശി, നെല്ലിയാമ്പതി, എലപ്പുള്ളി, മങ്കര, കുമരംപുത്തൂർ എന്നിവ പിടിച്ചെടുത്തു. കാലങ്ങളായി യു.ഡി.എഫ് ഭരിച്ചിരുന്ന എരുത്തേമ്പതി പഞ്ചായത്തിലും എൽ.ഡി.എഫ് ഭൂരിപക്ഷം നേടി. കണ്ണമ്പ്ര പഞ്ചായത്തിൽ 18ൽ 18 സീറ്റും എൽ.ഡി.എഫ് നേടി.

