വീടുവിട്ടിറങ്ങിയ സുഹാൻ്റെ മൃതദേഹം കുളത്തിൽ കണ്ടെത്തി


പാലക്കാട് ചിറ്റൂരിൽ നിന്നും ഇന്നലെ  കാണാതായ ആറ് വയസുകാരൻ സുഹാനെ മരിച്ച നിലയിൽ കണ്ടെത്തി. 
വീടിന് സമീപത്തെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.  20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സുഹാനെ കാണാതായത് മുതൽ ഊർജ്ജിത അന്വേഷണമാണ് പൊലീസും നാട്ടുകാരും നടത്തിയിരുന്നത്.  സി.സി.ടി.വി ദൃശ്യത്തിൽ പോലും കൃത്യമായ വിവരങ്ങൾ ലഭിക്കുകയുണ്ടായില്ല. കുട്ടിയുടെ വീടിനടുത്തുള്ള കുളങ്ങളിലും മറ്റ് ജലാശയങ്ങളിലുമെല്ലാം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഡോഗ് സ്ക്വാഡ് നടത്തിയ ശ്രമവും വിഫലമാകുകയായിരുന്നു.

തുടർന്ന് ഇന്ന് രാവിലെ ഫയർ ഫോഴ്‌സ് താമര നിറഞ്ഞ മറ്റൊരു കുളത്തിൽ തെരച്ചിൽ നടത്തി. നിറയെ ചെളി നിറഞ്ഞ കുളമായിരുന്നു. ഒരറ്റം മുതൽ മറ്റേ അറ്റം വരെ കമ്പുപയോഗിച്ച് ചെളികുത്തിനോക്കി വേണമായിരുന്നു മുന്നോട്ടുനിങ്ങാൻ.  എന്നാൽ ഈ കുളത്തിലെ പരിശോധനയിലും കുട്ടിയെ കണ്ടെത്തിയില്ല. തുടർന്ന് അൽപം ദൂരെയുള്ള കുളത്തിൽ നിന്നാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്.

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ സുഹാൻ സഹോദരനുമായി പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് ബന്ധുക്കൾ പറയുന്നു.
സാധാരണ കുട്ടികൾ തമ്മിൽ ഉണ്ടാകാറുള്ള പിണക്കം മാത്രമായിരുന്നു അത്. എന്നാൽ കുറച്ചു നേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതിരുന്നതോടെയാണ് തെരച്ചിൽ നടത്തിയത്. സുഹാൻ്റെ അമ്മ നീലഗിരി പബ്ലിക് സ്കൂ‌ൾ അധ്യാപികയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം