വിളക്കുകാലിൻ്റെ ചുവട്ടിൽ ഒരു റാന്തൽ വെളിച്ചം.

അരനൂറ്റാണ്ടു മുമ്പ് ഞങ്ങളുടെ ഗ്രാമത്തിൽ വൈദ്യുതി വന്നതിൻ്റെ കഥ ഓർമ്മപ്പെടുത്തി ഹോങ്കോങ്ങിൽ കഴിയുന്ന ചന്ദ്രൻ മാഷ് (ചന്ദ്രൻ തച്ചോത്ത്) എഴുതിയ എഫ്.ബി കുറിപ്പ് വായിച്ചപ്പോഴാണ്, പഴയൊരു റാന്തൽ വിളക്ക് എൻ്റെ മനസ്സിൽ തെളിഞ്ഞു വന്നത്. 

അയൽ ഗ്രാമങ്ങളിൽ വൈദ്യുതി എത്തും മുൻപ് തന്നെ ഞങ്ങളുടെ കുഗ്രാമത്തിൽ വൈദ്യുതി എത്തിയിരുന്നു.  പട്ടാമ്പി ടൗണിൻ്റെ ഹൃദയഭാഗത്ത് താമസിച്ചിരുന്ന മോഴിക്കുന്നത്ത് നാരായണൻ നമ്പൂതിരി (സ്വാതന്ത്ര്യ സമര സേനാനി ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിൻ്റെ മകൻ) 1971 ആഗസ്റ്റിൽ ഞങ്ങളുടെ നാട്ടിൽ താമസമാക്കിയതോടെയാണ് വിളക്കുകാലിന് വഴികാട്ടിയായത്. 

നാട്ടിൽ വൈദ്യുതി എത്തിക്കാൻ എന്താണ് വഴിയെന്നദ്ദേഹം ആലോചിച്ചപ്പോൾ, ഞാങ്ങാട്ടിരി സ്കൂളിലെ പ്രധാന അധ്യാപകനായിരുന്ന എൻ.പി അച്ചുതപിഷാരോടി മാഷ് പിന്തുണയുമായി എത്തി തീവ്രശ്രമം തുടങ്ങി. 40 വീട്ടുകാരെ സംഘടിപ്പിച്ച് മിനിമം ഗ്യാരണ്ടി വെച്ചാണ് വെളിച്ച വിപ്ലവം യാഥാർത്ഥ്യമാക്കിയത്‌. അങ്ങനെ 1972 നവംബർ 25ന് വൈദ്യുതി ഞങ്ങളുടെ കുഗ്രാമത്തിൽ പ്രകാശം പരത്തി!

ആ ദിവസം ഞാനിന്നും ഓർക്കുന്നുണ്ട്. അന്ന് ഞാങ്ങാട്ടിരി ഗ്രാമം വെളിച്ചത്തിൽ കുളിച്ച രാത്രിയായിരുന്നു. പ്രധാന പാതയോരത്ത് ഞങ്ങളുടെ വീട് നിൽക്കുന്ന നിരത്ത് മുതൽ തോട്ടപ്പായ പടി വരെ സുമാർ അഞ്ഞൂറ് മീറ്റർ ദൂരം വഴിയോരം മുഴുവൻ ഉണ്ണിപ്പിണ്ടികൾ (ട്യൂബ് ലൈറ്റ് ) കത്തി നിന്ന രാത്രിയായിരുന്നു അന്ന്. നാട്ടുകാർ മുഴുവൻ ദീപപ്രഭയിൽ തിളങ്ങി നിന്ന ആ രാവിൽ നിദ്ര മാറി നിന്നു. എട്ടാം ക്ലാസുകാരനായ ഞാനും കൂട്ടുകാരോടൊപ്പം വഴി നീളെ നടന്ന് കത്തുന്ന ഉണ്ണിപ്പിണ്ടികളുടെ കണക്കെടുപ്പിലായിരുന്നു. 

മഴത്തുമ്പികൾ മദോന്മത്തരായി തുള്ളിച്ചാടി വെളിച്ചം തിന്നുന്നുണ്ടായിരുന്നു. ചകോരങ്ങളാവട്ടെ വിളക്കു കാലിൽ നൃത്തമാടി തിമിർത്തു കൊണ്ടിരുന്നു. ഈയാംപാറ്റകളാവട്ടെ ഇളം തൂവൽ പൊഴിച്ച് നഗ്നരായി ചത്തുവീണു കൊണ്ടിരുന്നു. ഉദ്ഘാടന പരിപാടിയെല്ലാം കഴിഞ്ഞിട്ടും സ്കൂൾ പറമ്പിലും റോഡിലും ജനങ്ങൾ കൂട്ടം കൂടി നിന്നു. സ്വിച്ചിട്ടാൽ കത്തുന്ന മഹാത്ഭുതം കണ്ട് കുട്ടികൾ തുള്ളിച്ചാടി. ഫിലമെൻ്റ് ബൾബുകളുടെ വെള്ളി വെളിച്ചത്തിൽ വീട്ടകങ്ങളിൽ കുട്ടികളും വയോധികരും വിസ്മയം പൂണ്ടു.

1972ൽ നാട്ടിൽ വൈദ്യുതി വന്നെങ്കിലും അക്കാലത്ത് ഓലപ്പുരകളിൽ കണക്ഷൻ നൽകിയിരുന്നില്ല. അന്ന് ഗ്രാമത്തിൽ അധികവും കരിമ്പന പട്ട മെടഞ്ഞ വീടുകളായിരുന്നു.  ഓലപ്പുരക്ക് തീപിടിക്കും എന്ന ഭയത്താൽ ആരും വയറിങ്ങ് ചെയ്യാൻ ധൈര്യപ്പെട്ടിരുന്നില്ല. ചായക്കടയോട് ചേർന്ന സ്വന്തം വീട്ടിൽ സ്ഥലപരിമിതിയുള്ളതിനാൽ തൊട്ടടുത്തുള്ള എളാപ്പാടെ (കുഞ്ഞബു) വീട്ടിലായിരുന്നു രാപാർക്കൽ.  അത് ഓലപ്പുരയായിരുന്നു. 

1982ൽ തപാൽ വകുപ്പിൽ എക്സ്ട്രാ ഡിപ്പാർട്മെൻ്റ് വിഭാഗത്തിൽ പാർട് ടൈം ജീവനക്കാരനാവുകയും, തൊട്ടടുത്ത വർഷം വിവാഹിതനാവുകയും ചെയ്തപ്പോഴും മണ്ണെണ്ണ വിളക്കിൻ്റെ തുള്ളാട്ടം തന്നെയായിരുന്നു വെളിച്ചം.

രാത്രിയിൽ നൃത്തമാടുന്ന ചിമ്മിനി നാളത്തിൻ്റെ ഇരുൾ വെട്ടത്തിലാണ് 'ചിരി മറന്ന കോമാളി'യിലെ കഥകളും 'സൂര്യശയനം' നോവലും പിറന്നു വീണത്.

1985ൽ സബിത ജനിച്ച ശേഷം, സ്വന്തമൊരു കൂര വേണം എന്ന ചിന്ത കലശലായി. എൻ്റെ ദുരവസ്ഥ മനസ്സിലാക്കിയ ചെറിയ എളാപ്പ (കുഞ്ഞുമുഹമ്മദ്) പന്തല്ലൂർക്കുന്നിലെ തരിശുഭൂമിയിൽ നിന്ന് പത്ത് സെൻ്റ് സ്ഥലം ഇഷ്ടദാനമായി പതിച്ചു തന്നു. മുളങ്കൂട്ടങ്ങളും കുറ്റിക്കാടും നിറഞ്ഞ സ്ഥലം വെട്ടി വെളുപ്പിച്ച് കിണർ കുഴിച്ചു. കിണറിലെ മണ്ണ് ഉപയോഗിച്ച് ചെറിയൊരു തറ പണിതു. പറമ്പിൻ്റെ മുൻവശം പൊതുവഴിയും പിറകിൽ തോടുമായിരുന്നു. തോടിനോട് ചേർന്ന് വിശാലമായ വയലായിരുന്നു. 

കുറച്ചു കാലം ആ തറ കാടുമൂടിക്കിടന്നു.  തപാൽ ജോലി കഴിഞ്ഞ് വന്നാൽ ഞങ്ങൾ ആ തറയിൽ ചെന്നിരിക്കും. തറയിൽ പായ വിരിച്ച പോലെ പരന്നു കിടക്കുന്ന പുല്ലിൽ കിടന്നുരുളും. അങ്ങനെ നാളുകൾ പലതും കടന്നു പോയി. ഇടവപ്പാതിയും തുലാവർഷവും നെഞ്ചിലേറ്റു വാങ്ങിയ തറ ദൃഢമായി. കിണർ കുഴിച്ച മണ്ണ് കൂനയായി കാടുമൂടി കിടന്നിരുന്നു. ആ മണ്ണിൽ കളിമണ്ണ് ചേർത്ത് നനച്ച് കുഴച്ച് മൺകട്ട വാർത്തെടുത്ത് ചുമര് പണിതു.  ഉദാരമനസ്ക്കരായ ബന്ധുക്കളുടെ സഹായത്തോടെ കഴുക്കോലും പട്ടികയും ഓടും കൊണ്ടുവന്ന് പുര മേഞ്ഞു.

1987ൽ ഒന്നാം 'കഥാലയം' ഉദിച്ചുയർന്നു. പക്ഷേ അവിടെയും വൈദ്യുതി കിട്ടാക്കനിയായി. ഉമ്മറത്ത് വലിയ റാന്തൽ തൂക്കിയിട്ടു. കോലായയിലും മുറിയിലും അടുക്കളയിലും മേശവിളക്ക്. വീടിൻ്റെ പിൻഭാഗത്തും റാന്തൽ കാറ്റിലാടി. പാപി ചെന്നിടം പാതാളം എന്ന ചൊല്ല് പോലെ ഇരുട്ട് ചെല്ലുന്നിടം കൂരിരുട്ട് എന്ന പുതിയൊരു ചൊല്ലും അന്വർത്ഥമായി. 

തൊട്ടടുത്ത് പത്ത് മീറ്റർ ദൂരെ ഇലക്ട്രിക് പോസ്റ്റുണ്ട്. എന്നാൽ അത് നിൽക്കുന്നത് പൊതുവഴിയിലല്ല. അയൽക്കാരൻ്റെ വളപ്പിലെ വിളക്കുമരത്തിൽ നിന്ന് ഒരു ഞാൺ വയറ് വലിക്കാൻ ഉടമയുടെ സമ്മതപത്രം വേണം. ഉടമ വിദേശത്താണ്. അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും താമസിക്കുന്നത് അവരുടെ തറവാട്ടിലാണ്. ഉടമ നാട്ടിലെത്തുമ്പോൾ സമ്മതപത്രം വാങ്ങാമെന്ന ധാരണയിൽ വയറിങ്ങ് ജോലികൾ നേരത്തെ പൂർത്തിയാക്കിയിരുന്നു.

വൈദ്യുതി വരുമ്പോൾ വരട്ടെ എന്ന നിലയിൽ ജീവിതം മുന്നോട്ടു നീങ്ങി. 1988ൽ ഉബൈദ് ജനിക്കുമ്പോഴും റാന്തലായിരുന്നു വെളിച്ചം. എങ്കിലും മേശവിളക്കിൻ്റെ ചൂടിൽ നിന്ന് പുതിയ കഥകളും നോവലും വാർന്നു വീണു. 'ഈസൻ മൂസ'യും 'കുമിളകളും' അച്ചടിമഷി പുരണ്ടു.

വർഷം രണ്ടു കഴിഞ്ഞപ്പോൾ വിദേശത്തു നിന്ന് അയൽക്കാരൻ വന്നു. നേരത്തെ സൂക്ഷിച്ചു വെച്ച സമ്മതപത്രവുമായി ഞാൻ അദ്ദേഹത്തെ കാണാൻ ചെന്നു.

ഓ! അതിനെന്താ? ഒപ്പിട്ടു തരാലോ എന്ന് പറഞ്ഞ് അദ്ദേഹം അത് വാങ്ങി അകത്തേക്ക് പോയി. കുറച്ചു നേരത്തിനു ശേഷം അദ്ദേഹം പുറത്തുവന്നു: 

ആ സ്ഥലത്ത് ഞാൻ വീട് വെക്കുന്നില്ല. ഒന്ന് രണ്ടാള് സ്ഥലം ചോദിച്ചിട്ടുണ്ട്. നല്ല വില കിട്ടിയാ വിക്കും. അപ്പൊ അതൊന്ന് അറിയട്ടെ. എന്നിട്ട് ഒപ്പിട്ട് തരാം. ഏതായാലും ഇത്രയായില്ലെ? കൊറച്ചീസം കൂടി കാക്ക്.

നിരാശ പുറത്തു കാട്ടാതെ ഞാൻ തിരിച്ചു പോന്നു. ഈ ലോകത്ത് ഏറ്റവും വലിയ അധികാരി ആരാണെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരമേയുള്ളൂ.  മറ്റൊരാളുടെ ജീവിതത്തിൽ വെളിച്ചവും കൂരിരുട്ടും നൽകാൻ അധികാരമുള്ള ഒരു ഒപ്പിൻ്റെ ഉടമ. സ്വന്തമായി വിളക്കു കാലുള്ള ഏമാൻ. 

അവധി കഴിഞ്ഞ് അദ്ദേഹം തിരിച്ചു പോയി. ഒപ്പ് കിട്ടാത്തവനായി ഞാനും റാന്തലും കാറ്റിലാടി. വർഷങ്ങൾ അഞ്ച് കടന്നു പോയി. അങ്ങനെയിരിക്കെ തെക്കുനിന്ന് ഒരവധൂതനെപ്പോലെ ഒരാൾ വീട്ടിൽ വന്നു. കാക്കിയണിഞ്ഞ ലൈൻമാനായിരുന്നു അദ്ദേഹം. തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്ക് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് എത്തിയതാണ്. സമ്പൂർണ്ണ വൈദ്യുതീകരണത്തിൻ്റെ കേളികെട്ട് ഉയരുന്നതിനുമുമ്പാണ് ആഗതൻ്റെ വരവ്. 

എന്താ കണക്ഷൻ എടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ഒരു കഥയുടെ കെട്ടഴിച്ചിട്ട് ഞാൻ നിന്നു. അദ്ദേഹം കഥാലയത്തിൻ്റെ ചുറ്റിലും ഓടിനടന്നു. പറമ്പിൻ്റെ നാലതിരും കടന്ന് തോട്ടുവരമ്പിലൂടെ അദ്ദേഹം നടന്നു. ഊരുവലം കഴിഞ്ഞ് അദ്ദേഹം തിരിച്ചെത്തി. പത്തു മീറ്റർ വയറ് കൊണ്ട് കണക്ഷൻ കിട്ടുമായിരുന്നിട്ടും ഒരു ഒപ്പിൻ്റെ അഭാവത്തിൽ വർഷങ്ങളോളം ഇരുട്ടിൽ കഴിയേണ്ടിവന്ന ഹതഭാഗ്യരുടെ ദുർവ്വിധി മാറ്റാൻ വന്ന മിശിഹായായിരുന്നു അദ്ദേഹം. വീടിൻ്റെ പിൻ ചുമരിൽ മീറ്റർ ഘടിപ്പിച്ച് പാട വരമ്പിലെ പോസ്റ്റിൽ നിന്ന് സർവീസ് വയർ വലിച്ച്  അദ്ദേഹം വെളിച്ചമെത്തിച്ചു.

അഞ്ചു വർഷം റാന്തൽ വെളിച്ചത്തിൽ കഴിഞ്ഞ ഞങ്ങളുടെ ജീവിതത്തിലേക്ക് പൊൻ സൂര്യനായി എത്തിയ ആ മനുഷ്യനെ ഓർക്കാത്ത ദിവസങ്ങളില്ല. അതിനിടയിൽ ഞങ്ങളുടെ അയൽക്കാരൻ സ്ഥലം വിറ്റു പോയതിനാൽ പ്രകാശപൂരിതമായ ഞങ്ങളുടെ വീട് കാണാൻ യോഗമുണ്ടായില്ല. 

എന്നെപ്പോലെയുളള ഹതഭാഗ്യർക്ക് നീതി ലഭിക്കാൻ കഴിഞ്ഞ വർഷം ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സ്വകാര്യ വ്യക്തിയുടെ സമ്മതപത്രം ഇല്ലാതെ തന്നെ വൈദ്യുതി കണക്ഷൻ നൽകാമെന്നായിരുന്നു ആ ഉത്തരവ്. ഈ ന്യായ വിധി അന്നായിരുന്നെങ്കിൽ എത്ര നന്നായിരുന്നു!

ടി.വി.എം അലി

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം