മലപ്പുറം ജില്ലയിലെ ആതവനാട് കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ ലോറി ഏഴു മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിനു ശേഷം കരക്കെത്തിച്ചു. ലോറിയിൽ കുടുങ്ങിയ ക്ലീനർ മുസ്തഫ (45) യുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.
ഇന്ന് ഉച്ചയ്ക്കാണ് ലോറി 65 അടി താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് വീണത്. അപകട സമയത്ത് വെള്ളത്തിലേക്ക് ചാടിയ ലോറി ഡ്രൈവർ ചട്ടിപ്പറമ്പ് സ്വദേശി ജാഫറിനെ നാട്ടുകാർ രക്ഷപ്പെടുത്തി.
ഏഴ് മണിക്കൂറോളം നീണ്ടു നിന്ന സാഹസിക പ്രവർത്തനത്തിനൊടുവിലാണ് മിനി ലോറി ഉയർത്തിയത്. ലോറിയുടെ ക്യാബിൻ തകർത്താണ് ഉള്ളിൽ കുടുങ്ങിയ മൃതദേഹം പുറത്തെടുത്തത്.
പാചകപ്പൊടികളുമായി പോവുകയായിരുന്ന 'മലയിൽ ഫുഡ് പ്രോഡക്റ്റ്സി'ന്റെ ലോറിയാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഊരോത്ത് പള്ളിയാലിൽ അപകടത്തിൽപ്പെട്ടത്. കടകളിലേക്ക് പലചരക്ക് സാധനങ്ങൾ എത്തിക്കുന്ന മിനി ലോറിയാണിത്.
ആഴമുള്ള ക്വാറിയിലെ വെള്ളത്തിൽ പൂർണ്ണമായും താഴ്ന്നുപോയ ലോറിക്കുള്ളിൽ കുടുങ്ങിയ മുസ്തഫയെ കാണാതാകുകയായിരുന്നു. തുടർന്ന് അഗ്നിരക്ഷാസേന, സ്‌കൂബ ടീം, നീന്തൽ വിദഗ്ധർ, പൊലീസ് എന്നിവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തിയത്.
രക്ഷപ്പെടുത്തിയ ജാഫറിനെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നട്ടെല്ലിന് സാരമായ പരിക്കുണ്ട്.
പ്രദേശത്ത് ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്നതിനാല്‍ തിരക്ക് ഒഴിവാക്കാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത് എന്നറിവായിട്ടുണ്ട്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാല്‍ ലോറി നിയന്ത്രണം വിട്ട് വെള്ളത്തിലേക്ക് മറിയുകയായിരുന്നു.
പ്ലാസ്റ്റിക് വേസ്റ്റും മാലിന്യവും നിറഞ്ഞ വെള്ളക്കെട്ടിലാണ് ലോറി മുങ്ങിപ്പോയത്. ആഴക്കൂടുതലും ക്രെയിന്‍ ഉള്‍പ്പെടെയുള്ളവ എത്തിക്കാനുണ്ടായ ഗതാഗത തടസ്സവും റോപ്പ് ഘടിപ്പിക്കാന്‍ ആദ്യഘട്ടത്തില്‍ സാധിക്കാതെ വന്നതും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ചതുപ്പില്‍ ആഴത്തിലുള്ള ചെളിയും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു. മുസ്തഫയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
