പന്ത്രണ്ട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ഉയർന്ന ചൂട് അനുഭവപ്പെടുന്നത്.
ഇവിടെ താപനില 40 ഡിഗ്രി സെല്‍ഷ്യസായി ഉയരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം പാലക്കാട് ചൂട് 40 ഡിഗ്രി കടന്നിരുന്നു. ഈ സീസണിലെ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയത്.
കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ 37°C വരെയും ഈ ദിവസങ്ങളില്‍ താപനില ഉയരാന്‍ സാധ്യതയുണ്ട്. കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
പാലക്കാട് ജില്ലയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സുര്യാതപം, നിർജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.
പകൽ സമയത്ത് പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കാനും സൂര്യാഘാതം പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനും ഇടയുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെ നോക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം.
വയോജനങ്ങളും ഗുരുതര രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. ഇടയ്ക്കിടെ വെള്ളം കുടിക്കണം. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണം. നിർജ്ജലീകരണം തടയാൻ ഉപ്പിട്ട നാരങ്ങാ വെള്ളം, കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, സംഭാരം എന്നിവ കുടിക്കണം. ചായ, കാപ്പി, കാർബണേറ്റഡ് ലഘു പാനീയം എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കണം. ഇളം നിറത്തിൽ അയഞ്ഞ കോട്ടൺ വസ്ത്രവും തൊപ്പിയോ കുടയോ ഉപയോഗിക്കണം.
പകൽ 11 മുതൽ വൈകിട്ട് മൂന്നു വരെ പുറത്തിറങ്ങുന്നത് ഒഴിവാക്കണം. രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവർ കൃത്യമായി പരിശോധന നടത്തി ഡോക്ടറുടെ നിർദേശ പ്രകാരം സ്ഥിരമായി കഴിക്കുന്ന മരുന്ന് കഴിക്കണം. അമിതമായ ക്ഷിണം, തലകറക്കം, പേശി വലിവ്, ശരീരത്തിൽ ചുവന്ന പാട് എന്നിവ കണ്ടാൽ ഉടൻ ആശുപത്രിയിലെത്തി ചികിത്സ തേടണം.
