വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ വിട വാങ്ങി: സംസ്കാരം നാളെ

എട്ട് പതിറ്റാണ്ട് സംഗീത ലോകത്ത് സജീവ സാന്നിധ്യമായിരുന്ന വിഖ്യാത ഗായിക ആശാ ഭോസ്'ലെ (92) വിടവാങ്ങി. മുംബൈയിലെ ആശുപത്രിയിലായിരുന്നു മരണം. 

കഴിഞ്ഞ ദിവസം ആശാ ഭോസ്‌ലെയെ ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.  സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.

ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയാണ് ആശ. 1933 സെപ്തംബർ 8 ന് സാഗ്ലിയിലെ സംഗീത കുടുംബത്തിലാണ് ജനനം. 1943ലാണ് ആശായുടെ ​ഗാനം ആദ്യമായി റെക്കോർഡ് ചെയ്തത്‌. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചു.

1948 ലാണ് ബോളിവുഡിൽ  അരങ്ങേറ്റം കുറിച്ചത്. 1949ൽ രാത് കി റാണിയിൽ ആദ്യ സോളോ ഗാനം പാടി. ഇന്ത്യൻ സിനിമ കണ്ട ഇക്കാലത്തെയും മികച്ച ഡാൻസ് നമ്പറുകൾ പാടിയ അവര്‍ ഇന്ത്യൻ സിനിമ സംഗീതത്തിന് പുതു ഭാവുകത്വമേകിയ ഗായികയായി മാറി. 

എസ്.ഡി ബർമ്മൻ, നൗഷാദ്, ഒ.പി.അയ്യർ, എ.ആർ.റഹ്‌മാൻ തുടങ്ങി വിവിധ സംഗീത സം‌വിധായകരുടെ ഈണങ്ങൾക്ക്‌ ആശാ ഭോസ്‌ലെ പാടി. ഒൻപത് ഭാഷകളിലായി പതിനോരായിരത്തിലേറെ ഗാനങ്ങൾ ആശാ ഭോസ്‌ലെയുടെ ശബ്ദത്തിലൂടെ ലോകജനത കേട്ടു. 

മലയാളത്തിൽ സുജാത എന്ന സിനിമയിൽ, സ്വയംവര ശുഭദിന മംഗളങ്ങൾ എന്ന ഗാനം പാടിയിട്ടുണ്ട്.

ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് 2000ല്‍ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നൽകി രാജ്യം ആശയെ ആദരിച്ചു. 2008 ൽ പത്മവിഭൂഷൻ നൽകി ആദരിച്ചു. മഹാരാഷ്ട്രയിൽ നിന്ന് 17 അവാർഡുകൾ ലഭിച്ചിരുന്നു.

ലോക സംഗീതത്തിലെ വിസ്മയമായിരുന്നു ആശ. ഏറ്റവും അധികം ഗാനങ്ങൾ റെക്കോഡ് ചെയ്യപ്പെട്ട ഗായികയാണവർ. ഗാനങ്ങളുടെ എണ്ണത്തിൻ്റെ കാര്യത്തിൽ ഗിന്നസ് റെക്കോഡ് നേടിയിരുന്നു.

ഏറ്റവും കൂടുതൽ കാലം സജീവമായി നിന്ന ഗായികയെന്ന ഖ്യാതിയും ആശാ ഭോസ്'ലെ സ്വന്തമാക്കി. രണ്ട് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു. ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യക്കാരിയും ആശായായിരുന്നു.

1949 ൽ പതിനാറാം വയസ്സിൽ ഗണപത് റാവു ഭോസ്ലെയെ വിവാഹം കഴിച്ചു. 1960 ൽ  അവർ വേർപിരിഞ്ഞു. 1980 ൽ പ്രശസ്ത സംഗീത സംവിധായകൻ ആർ.ഡി ബർമ്മൻ്റെ ജീവിത പങ്കാളിയായി. 1994 ൽ അദ്ദേഹം മരണപ്പെട്ടു.

മക്കൾ: ഹേമന്ത് ഭോസ്'ലെ, വർഷ ഭോസ്'ലെ, ആനന്ദ് ഭോസ്'ലെ.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം