കണ്ണൂർ അഞ്ചരക്കണ്ടിയിലെ സ്വാശ്രയ ഡെന്റൽ കോളേജ് ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആർ.എൽ നിധിൻ രാജ് ആത്മഹത്യ ചെയ്‌ത സംഭവം വിശദമായ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു.
മെഡിക്കൽ കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നിതിൻ മരിച്ച സംഭവത്തിൽ വകുപ്പ് മേധാവി ഉൾപ്പെടെയുള്ള അധ്യാപകരെ ഇതിനകം സസ്പെൻഡ് ചെയ്തിട്ടുണ്ട്. സീനിയർ വിദ്യാർത്ഥികളുടെ റാഗിങും ആത്മഹത്യയ്ക്ക് കാരണമായെന്ന് കുടുംബം ആരോപിച്ചു.
മകൻ ഡോക്ടറായി വരുന്നത് കാണാൻ കാത്തിരുന്ന അമ്മയ്ക്കും കുടുംബത്തിനും തീരാനോവായാണ് നിതിൻ മടങ്ങിയത്. വൻ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്. സഹോദരിയുടെ വീട്ടുവളപ്പിലാണ് അന്ത്യനിദ്ര.
മരണത്തിന് മുമ്പ് നിതിൻ സുഹൃത്തുക്കൾക്ക് അയച്ച ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കോളേജിലെ അധ്യാപകനിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന കടുത്ത മാനസിക പീഡനങ്ങളെക്കുറിച്ച് നിതിൻ സന്ദേശത്തിൽ വിവരിക്കുന്നുണ്ട്. സ്റ്റാഫ് റൂമിൽ വെച്ച് നിരന്തരം അപമാനിക്കാറുണ്ടെന്നും അസുഖബാധിതയായ അമ്മയെക്കുറിച്ച് അധ്യാപകൻ മോശമായി സംസാരിച്ചെന്നും നിതിൻ വെളിപ്പെടുത്തിയിരുന്നു. നിതിനെ വംശീയമായി അധിക്ഷേപിച്ചതായും പുഴുത്ത പട്ടി എന്ന് വിളിച്ചതായും കുടുംബം ആരോപിക്കുന്നുണ്ട്.
കണ്ണൂർ എ.സി.പി ആർ ഹരിപ്രസാദിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ചക്കരക്കൽ ഇൻസ്പെക്‌ടർ കെ.എ ഫക്രുദ്ദീൻ, ചക്കരക്കൽ എസ്.ഐ, എന്നിവരുൾപ്പെട്ട ഏഴംഗ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.
വെള്ളിയാഴ്ചയാണ് നിധിൻ രാജിനെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടത്. സഹോദരി നിഖിലയുമായി നടത്തിയ ഫോൺ ചാറ്റുകളിൽ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ.റാമും ഡോ. സംഗീതയും നിറത്തിന്റെയും ജാതിയുടെയും സാമ്പത്തിക നിലയുടെയും പേരിൽ അധിക്ഷേപിച്ചതായി നിധിൻ രാജ് പറയുന്നുണ്ട്. ഹോസ്റ്റൽ വാർഡൻ കമലിനെക്കുറിച്ചും പരാമർശമുണ്ട്. ഇതെല്ലാം കാണിച്ചാണ് ബന്ധുക്കൾ പരാതി നൽകിയത്. സഹപാഠികളുടെ മുന്നിൽ വച്ച് അധിഷേപിച്ചതായും 'നിനക്ക് പോയി ചത്തൂടെ' എന്നു പറഞ്ഞതായും പരാതിയിൽ പറഞ്ഞിരുന്നു.
വെള്ളിയാഴ്ച ഉച്ചവരെ നിധിൻരാജ് ക്ലാസിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷമാണ് മെഡിക്കൽ കോളേജ് റിസപ്ഷന്റെ പിറകിലെ കല്ലുപാകിയ തറയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നരയോടെ മരണം സ്ഥിരീകരിച്ചു. നിധിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷകസംഘം സഹപാഠികളിൽ നിന്ന് മൊഴിയെടുത്തു. സസ്പെൻഷനിലായ ഓറൽ പാതോളജി വിഭാഗം മേധാവി ഡോ. റാമിൽ നിന്നും ഡോ.സംഗീത നമ്പ്യാരിൽ നിന്നും അടുത്ത ദിവസം മൊഴിയെടുക്കും.
നിധിൻരാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ കുറ്റക്കാർക്കെതിരെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിധിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് പി.കെ.എസ് സംസ്ഥാന പ്രസിഡന്റ് വണ്ടിത്തടം മധുവും സെക്രട്ടറി വി.പൊന്നുകുട്ടനും ആവശ്യപ്പെട്ടു.
നിധിൻരാജ് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് പുരോഗമന കലാസാഹിത്യ സംഘം ആവശ്യപ്പെട്ടു.
നവോത്ഥാന പുരോഗമന മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്ന കേരളത്തിൽ ജാതിവെറിയുടെ അടയാളങ്ങൾ പ്രത്യക്ഷപ്പെടുന്നത് മനുഷ്യസ്നേഹികളെ ഉൽക്കണ്ഠപ്പെടുത്തുന്നു. ആത്മഹത്യക്ക് ഉത്തരവാദികളായവരുടെ പേരിൽ കർശന നടപടിയെടുക്കണമെന്ന് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്റ് വൈശാഖൻ, ജനറൽ സെക്രട്ടറി ഡോ.കെ.പി മോഹനൻ എന്നിവർ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.
