കോഴിക്കോട് ചെറൂട്ടി കോൺവന്റ് റോഡിലെ ക്രിസ്ത്യൻ പളളിയുടെ പരിസരത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിക്കെതിരെ കേസ്.
തീർഥാടക സംഘത്തിന്റെ ഭാഗമായി കോഴിക്കോട് ദേവമാതാ കത്തീഡ്രലിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയാണ് പ്രസവിച്ചതെന്നു പൊലീസ് കണ്ടെത്തി. തുടർന്ന് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ഫ്രാങ്കോ (25) എന്ന യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. പള്ളിയുടെ പരിസരത്തു വച്ച് വയറ് വേദന ഉണ്ടാകുകയും പ്രസവിക്കുകയും ചെയ്‌ത ഫ്രാങ്കോ ഇക്കാര്യം തീർഥാടക സംഘത്തിലെ മറ്റുള്ളവർ അറിഞ്ഞാൽ കുഴപ്പമാകുമെന്നു കരുതി മറച്ചുവെക്കുകയായിരുന്നു. മരിച്ച നിലയിൽ കണ്ട കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്.
പള്ളിയുടെ കോമ്പൗണ്ടിൽ ഉപേക്ഷിച്ച നിലയിൽ കുട്ടിയുടെ മൃതദേഹം ജീവനക്കാരാണ് കണ്ടെത്തിയത്. ഇക്കാര്യം ജീവനക്കാർ വൈദികരെ അറിയിച്ചു. തുടർന്ന് കോഴിക്കോട് ടൗൺ പൊലീസിന് വിവരം കൈമാറി. പൊലീസും ഫോറൻസിക് വിഭാഗവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
പള്ളി ജീവനക്കാർ നൽകിയ വിവരം അനുസരിച്ച് സന്ധ്യാ സമയത്ത് പാലക്കാട് രജിസ്ട്രേഷനിലുള്ള ബസ് ഇതുവഴി കടന്നുപോയിരുന്നു.
അതിനുശേഷമാണ് കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തിയതെന്നാണ് അവർ പറയുന്നത്. യുവതിയെയും കുടുംബാംഗങ്ങളെയും കൂടുതൽ ചോദ്യം ചെയ്യലിലൂടെ ഇതിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.
ടൗൺ പൊലീസും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസ് എടുത്താണ് ടൗൺ പൊലീസ് അന്വേഷണം നടത്തുന്നത്. ശിശുവിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
