ഇ.ഡി റെയ്ഡിനെതിരെ ഡൽഹിയിലും പ്രതിഷേധം; എം.എ ബേബി ഉൾപ്പെടെയുള്ള നേതാക്കളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു

ദില്ലിയിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) ആസ്ഥാനത്തേക്ക് സി.പി.എം നടത്തിയ മാർച്ചിൽ സംഘർഷം. മാർച്ചിന് നേതൃത്വം നൽകിയ സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബി അടക്കമുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. 

നേരത്തെ ഇ.ഡി ആസ്ഥാനത്ത് നിരോധനാജ്ഞ ഏർപ്പെടുത്തിയിരുന്നു. പ്രവർത്തകരെ തടയാൻ വലിയ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.

പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെതിരായ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്. ഏകാധിപത്യം അനുവദിക്കില്ലെന്ന്  മുദ്രാവാക്യം മുഴക്കിയാണ് മാർച്ച് നടത്തിയത്.

ബൃന്ദ കാരാട്ട് അടക്കം മറ്റ് നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമത്തിനിടെ, പ്രവർത്തകർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. അറസ്റ്റിനെതിരെ പ്രവർത്തകർ എം.എ ബേബി അടക്കമുള്ള നേതാക്കൾക്ക് കവചമൊരുക്കിയെങ്കിലും പൊലീസ് ബലം പ്രയോഗിച്ച് നീക്കി. പാർടി ജനറൽ സെക്രട്ടറി എം.എ ബേബിയെ പൊലീസ് കൈയേറ്റം ചെയ്യുകയും വലിച്ചിഴച്ച് വാഹനത്തിൽ കയറ്റുകയും ചെയ്തുവെന്ന് നേതാക്കൾ പറഞ്ഞു.

പൊളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണനെയും വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്. വനിതകൾ ഉൾപ്പെടെ മുഴുവൻ നേതാക്കളെയും അറസ്റ്റ് ചെയ്ത് നീക്കി.

മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തലസ്ഥാനത്തെ വസതിയിലടക്കം 12 ഇടങ്ങളിൽ ഇ.ഡി സംഘം നടത്തിയ റെയ്ഡിനെതിരെയാണ് സി.പി.എം വിവിധ ഇടങ്ങളിൽ പ്രതിഷേധവുമായി രംഗത്തെത്തിയത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം