മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടുകൾ ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ഇ.ഡി റെയ്‌ഡ് ; പ്രതിഷേധവുമായി നേതാക്കൾ കുത്തിയിരുപ്പ് സമരത്തിൽ

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട വീടുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി 12 കേന്ദ്രങ്ങളിലാണ് ഇന്ന് രാവിലെ മുതൽ ഇ.ഡി റെയ്ഡ് നടക്കുന്നത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും പിണറായിയിലെ സ്വന്തം വീട്ടിലും മരുമകൻ പി.എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്.

അതേ സമയം ഇ.ഡി റെയ്ഡ് രാഷ്‌ട്രീയ പകപോക്കലാണെന്ന് ആരോപിച്ചു കൊണ്ട്  പിണറായി വിജയൻ്റെ വീടിന് മുന്നിൽ റെയ്‌ഡിനെതിരെ സി.പി.എം  നേതാക്കളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം തുടങ്ങി. 

ബേക്കറി ജങ്ഷനിലുള്ള പിണറായിയുടെ വാടക വീടിന് മുന്നിൽ കെ.കെ ജയചന്ദ്രൻ, മുൻ മന്ത്രി  വി.ശിവൻകുട്ടി, വി.ജോയ് എം.എൽ.എ, ആനാവൂർ നാഗപ്പൻ തുടങ്ങിയ നേതാക്കൾ ഒത്തുകൂടി ശക്തമായ മുദ്രാവാക്യം വിളികളോടെയാണ് കുത്തിയിരുപ്പ് സമരം തുടരുന്നത്. സമര വിവരമറിഞ്ഞ് നൂറുകണക്കിന് പ്രവർത്തകരും എത്തിയിട്ടുണ്ട്. ഇ.ഡി നടപടി രാഷ്ട്രീയ ഗൂഢാലോചനയാണെന്നും പകപോക്കലാണെന്നും ഇതിനെതിരെ സി.പി.എം പ്രതിഷേധം ശക്തമാക്കുമെന്നും നേതാക്കൾ പറഞ്ഞു.

സി.എം.ആർ.എൽ സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ ടി.വീണയും ഉൾപ്പെട്ടിട്ടുണ്ടെന്ന് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഔദ്യോഗികമായി സ്ഥിരീകരിച്ച ശേഷമാണ് റെയ്ഡ് തുടങ്ങിയത്. സംസ്ഥാന വ്യാപകമായി നടക്കുന്ന റെയ്ഡുകൾക്ക് പിന്നാലെ പുറത്തുവിട്ട വാർത്താക്കുറിപ്പിലാണ് ഇ.ഡി ഈ നിർണായക വിവരങ്ങൾ വ്യക്തമാക്കിയത്.

അതേ സമയം മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലും മറ്റും നടക്കുന്ന റെയ്ഡുമായി ബന്ധപ്പെട്ട് ഒരു വിവരവും ഇ.ഡി കേരളത്തിലെ ആഭ്യന്തര വകുപ്പിനെ അറിയിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. ഇ.ഡി കേരള പൊലീസിന്റെ സഹായം തേടിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേന്ദ്രസേനയുടെ സംരക്ഷണത്തിലാണ് റെയ്‌ഡ് നടത്തുന്നത്. വിവരം ലഭിച്ചിട്ടില്ലെന്നാണ് ഡി.ജി.പിയും അറിയിച്ചത്. മുഖ്യമന്ത്രി സതീശൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച‌ നടത്തിയതിൻ്റെ തൊട്ടടുത്ത ദിവസമുണ്ടായ റെയ്‌ഡ് കോൺഗ്രസ്- ബി.ജെ.പി ഗൂഢാലോചനയാണ് എന്ന ആരോപണവും രമേശ് ചെന്നിത്തല തള്ളി. മുഖ്യമന്ത്രിയുടേത് സർക്കാർ നടപടികളുടെ ഭാഗമായുള്ള സന്ദർശനമാണ്.

കേരളത്തിന്റെ ആവശ്യങ്ങൾക്കാണ് അദ്ദേഹം പ്രധാനമന്ത്രിയെ കണ്ടത്. പിണറായി എത്ര തവണ കണ്ടിട്ടുണ്ട്. എന്തിനാണ് രണ്ടും കൂട്ടിക്കുഴക്കുന്നതെന്നും ആഭ്യന്തര മന്ത്രി ചോദിച്ചു. കോൺഗ്രസ്- ബി.ജെ.പി സംയുക്ത നീക്കമാണ് എന്ന ആരോപണം വേണ്ട. കൂട്ടുകെട്ട് ഉണ്ടാക്കിയ ആളുകൾക്ക് ഇപ്പോൾ എന്ത് പറ്റിയെന്നും സി.പി.എമ്മും ബി.ജെ.പിയും തമ്മിലായിരുന്നു ഏറ്റവും വലിയ ബന്ധമെന്നും ആ ബന്ധം എങ്ങനെ പൊളിഞ്ഞുവെന്നും ഇപ്പോൾ എന്ത് പറ്റിയെന്നും ചെന്നിത്തല തിരിച്ചു ചോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം