സംസ്ഥാനത്ത് 12,000 സർക്കാർ ജീവനക്കാർ സർവീസിൽ നിന്ന് പടിയിറങ്ങി.


സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് മെയ് 31ന് പന്ത്രണ്ടായിരം ജീവനക്കാർ പടിയിറങ്ങി. വിരമിച്ചവരിൽ കൂടുതലും അധ്യാപകരാണ്. സെക്രട്ടേറിയറ്റിൽ 100 പേരാണ് പടിയിറങ്ങിയത്. ഇതിൽ 23 അഡീഷണൽ സെക്രട്ടറിമാരും നാല് സ്പെഷ്യൽ സെക്രട്ടറിമാരും ഉൾപ്പെടും. 

മരാമത്ത് വകുപ്പിൽ ഇരുനൂറോളം പേർ വിരമിച്ചു. ഇതിൽ 30 പേർ എക്സിക്യൂട്ടീവ് എൻജിനീയർമാരാണ്.  റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കലക്ടർമാർ മുതൽ ഓഫിസ് അസിസ്റ്റൻ്റ് വരെ 350 ഓളം പേരാണ് വിരമിച്ചത്. സിവിൽ സപ്ലൈസ് വകുപ്പിൽ 65 പേരും പടിയിറങ്ങി. വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 4000 കോടി രൂപ വേണ്ടി വരും. 

കേരളത്തിൽ എൺപതുകളുടെ മധ്യത്തിലാണ് സർക്കാർ സർവിസിലേക്ക് കൂടുതൽ നിയമനങ്ങൾ നടന്നത്. അതുകൊണ്ടുതന്നെ ഈ വർഷവും തുടർന്നുള്ള ഏതാനും വർഷങ്ങളിലും കൂട്ട വിരമിക്കൽ ഉണ്ടാകുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

അതേസമയം, സ്കൂൾ പ്രവേശത്തിന് ജനന സർട്ടിഫിക്കറ്റ് നിർബന്ധമായതോടെ ഒന്നിച്ചുള്ള വിരമിക്കൽ അവസാനിക്കുകയാണ്. 2027 മുതൽ മേയ് മാസത്തെ കൂട്ട വിരമിക്കലുകളിൽ കുറവുണ്ടാകും.  2025ലും 2024ലും പതിനായിരത്തിലധികം ജീവനക്കാരാണ് വിരമിച്ചത്. 2023ൽ ഇത് ഏകദേശം 11,000 ആണ്.

പങ്കാളിത്ത പെൻഷനിലുള്ള ജീവനക്കാർക്ക് 60 വയസാണ് വിരമിക്കൽ പ്രായം. ആകെയുള്ള 5.23 ലക്ഷം ജീവനക്കാരിൽ പകുതിയോളം പേർ ഈ വിഭാഗത്തിൽ ഉൾപ്പെടും. എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന അഷ്വർഡ് പെൻഷൻ പദ്ധതിയിലും 60 ആണ് വിരമിക്കൽ പ്രായം. എന്നാൽ, 2013 ഏപ്രിലിന് മുമ്പ് നിയമിതരായവർ 56-ാം വയസിൽ വിരമിക്കണം.

അതേ സമയം ഓരോ വർഷവും പതിനായിരങ്ങൾ സർവീസ് വിട്ട് പുറത്തിറങ്ങുമ്പോഴും പുതുതായി നടക്കുന്ന നിയമനങ്ങൾ തുലോം കുറവാണെന്ന് ഉദ്യോഗാർത്ഥികൾ പരിതപിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം