സാമൂഹ്യ മാധ്യമമായ ടിക് ടോക്കിലെ തർക്കം: ഷാർജയിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു.

കണ്ണൂർ മാട്ടൂൽ ഏഴോം നെരുവമ്പ്രം സ്വദേശി ഹസീന മൻസിലിൽ ഇസ്മായിൽ പൊന്നൻ (40) ആണ് കൊല്ലപ്പെട്ടത്. ടിക് ടോക്കിലൂടെ ഉണ്ടായ തർക്കമാണ് യുവാവിൻ്റെ ജീവനെടുത്തത്. കൊല്ലം സ്വദേശിയായ പ്രതിയടക്കം നാല് പേരെ ഷാർജ പോലീസ് കസ്റ്റഡിയിലെടുത്തു.  

പ്രവാസി മലയാളികൾക്ക് അത്ര അപരിചിതമല്ലാത്ത ഒരു തർക്കമാണ് കണ്ണൂർ സ്വദേശിയുടെ ജീവനെടുത്തത്. ടിക് ടോക്കിൽ ലൈവിൽ ചേരിതിരിഞ്ഞ് തർക്കവും തെറിവിളിയും ഭീഷണിയും അസഭ്യ ഇടപെടലുകളുമാണ് നേരിൽ കണ്ട് ഏറ്റുമുട്ടാമെന്ന നിലയിലേക്കെത്തിയത്. 

ടിക്ക് ടോക്കിലെ വെല്ലുവിളിക്ക് ശേഷം പ്രതിയെ കാണാൻ ഷാർജ അൽ നഹ്ദയിൽ ഇസ്മായിൽ പൊന്നൻ എത്തുകയായിരുന്നു എന്നാണ് സൂചന. 

ഇത് നേരിട്ടുള്ള തർക്കത്തിലേക്കും അടിയിലേക്കും കുത്തിലേക്കും എത്തിയെന്ന് സംഭവത്തെ കുറിച്ചറിയുന്നവർ പറയുന്നു. ദൃശ്യങ്ങൾ ഷാർജ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇസ്മായിൽ സംഭവ സ്ഥലത്തു തന്നെ മരിച്ചു. 

വർഷങ്ങളായി ദുബൈയിൽ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു  ഇസ്മായിൽ പൊന്നൻ. അൽ ഖാസ്മിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകും.

പിതാവ് : ഇബ്രാഹിം, മാതാവ്: ജുബൈരിയ, ഭാര്യ : നജ്മുന്നിസ. മകൻ : ഇസാൻ (മൂന്നാം ക്ലാസ് വിദ്യാർത്ഥി).

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം