കഴിഞ്ഞ ഡിസംബറിൽ പ്രവാസി വ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടു പേർ കൂടി പിടിയിലായതോടെ അറസ്റ്റിലായവരുടെ എണ്ണം 17 ആയി ഉയർന്നു. മലപ്പുറം എടവണ്ണ കൊളപ്പാടൻ വീട്ടിൽ മുഹമ്മദ് നിസാം (35), കോഴിക്കോട് കൊടുവള്ളി അകായിൽ വീട്ടിൽ അബ്ദുൽ മനാഫ് (46) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
തട്ടിക്കൊണ്ടുപോകൽ ഏകോപിപ്പിക്കുകയും പ്രതികളെ ഒളിവിൽ പോകാൻ സഹായിക്കുകയും ചെയ്തത് ഇവരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ ആറിനാണ് പ്രവാസി വ്യവസായി മലപ്പുറം വണ്ടൂർ പൂങ്ങോട് വലിയ പീടിയേക്കൽ മുഹമ്മദാലി (72) യെ കൊച്ചി വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിൽ വച്ച് ആഡംബർ കാർ തടഞ്ഞു നിർത്തി തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോയത്.
തുടർന്ന് പനമണ്ണ കോതകുർശ്ശിയിലുള്ള ആളൊഴിഞ്ഞ വീട്ടിൽ പാർപ്പിച്ച് ക്രൂര മർദ്ദനത്തിന് ഇരയാക്കുകയും എഴുപത് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തിലുളളവർ മദ്യപിച്ച് അബോധാവസ്ഥയിലായ തക്കത്തിലാണ് മുഹമ്മദാലി രക്ഷപ്പെട്ട് സമീപത്തുള്ള പള്ളിയിൽ അഭയം തേടിയത്.
കേരളത്തിനകത്തും പുറത്തും ആശുപത്രി ശൃംഖലകളുള്ള വി.പി.എം ഇൻ്റർനാഷണൽ ഗ്രൂപ്പ് മേധാവിയും ശതകോടീശ്വരനുമായ മുഹമ്മദാലിയുടെ അടുത്ത ബന്ധുവും മുഖ്യസൂത്രധാരനെന്ന് അന്വേഷണ സംഘം കണ്ടെത്തിയയാളുമായ മലപ്പുറം പൂങ്ങോട് പീടിയേക്കൽ വീട്ടിൽ സിയാസിനെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. മുഹമ്മദാലിയുടെ പിതൃസഹോദരൻ്റെ മകനാണ് സിയാസ്.
ഒരുകാലത്ത് മുഹമ്മദാലിയുടെ വിശ്വസ്തനും ബിസിനസ് നടത്തിപ്പുകാരനുമായിരുന്നു. പിന്നീട് ഇയാളെ ചുമതലകളിൽ മാറ്റി നിർത്തിയതാണ് പ്രതികാരത്തിന് കാരണം. 60 ദിവസത്തോളം ജയിലിലായിരുന്ന ഇയാൾക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചു. ഇയാളാണ് വിദേശത്തുള്ള ചിലർക്ക് ക്വട്ടേഷൻ നൽകിയിരുന്നത്.
ഇവരുടെ നിർദേശ പ്രകാരം തട്ടിക്കൊണ്ടുപോകൽ ഉൾപ്പെടെ നാട്ടിലെ കാര്യങ്ങൾ ഏകോപിപ്പിച്ചത് നിസാമായിരുന്നെന്നും പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചത് മനാഫാണെന്നും പോലീസ് പറഞ്ഞു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വി. രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

