വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദ്ദനത്തെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. മണ്ണാർക്കാട് എസ്.എസി- എസ്.ടി പ്രത്യേക കോടതിയിലാണ് അന്വേഷണ സംഘം എട്ട് പ്രതികൾക്കെതിരായ കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകം, സംഘം ചേർന്ന് തടഞ്ഞുവെക്കൽ, വംശീയാധിക്ഷേപം, പട്ടികജാതി വിഭാഗക്കാർക്കു നേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
2025 ഡിസംബർ 17നാണ് ഛത്തീസ്ഗഢ് സ്വദേശിയായ രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്. പാലക്കാട് ജില്ല ആശുപത്രിയിൽ ചികിത്സയിലിരിക്കെ അന്നു രാത്രിതന്നെ മരിച്ചു.
കേസിൽ ആകെ ഒമ്പത് പ്രതികളാണുള്ളത്. ഇതിൽ ജാമ്യത്തിലായിരുന്ന ആറാം പ്രതി വിനോദ്‌കുമാർ തൂങ്ങി മരിച്ചിരുന്നു. എ.അനു (38), എൻ.ആനന്ദ് (56), എം.രാജേഷ് (38), എം.ഷാജി (38), വി.ജഗദീഷ്‌കുമാർ (49), സി.പ്രസാദ് (34), സി.മുരളി (38) വിപിൻ (30) എന്നിവരാണ് മറ്റു പ്രതികൾ.
അന്വേഷണ ഉദ്യോഗസ്ഥൻ ഡി.വൈ.എസ്.പി. പി.എം. ഗോപകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 82 പേരുടെ പട്ടികയാണ് പ്രോസിക്യൂഷൻ സാക്ഷികളായി കാണിച്ചിട്ടുള്ളത്.
എട്ടുപ്രതികളുടെതുമായി സാഹചര്യ തെളിവുകളും ഡിജിറ്റൽ തെളിവുകളും ചേർത്ത 2704 പേജുകൾ ഉൾപ്പെട്ട കുറ്റപത്രമാണ് സമർപ്പിച്ചത്.
