കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് സമീപം ലോട്ടറി വില്പനക്കാരനായ വയോധികനെ കൊലപ്പെടുത്തിയ കേസിൽ കന്യാകുമാരി തക്കല കറുങ്കലിൽ ചിരുകാട്ടുവിള വീട്ടിൽ വിജു സുരേഷിനെയാണ് (22) ചൊവ്വാഴ്‌ച രാത്രി വാൽപ്പാറയിലെ ബസ് സ്റ്റോപ്പിൽ നിന്ന് തമിഴ്നാട് പോലീസിൻ്റെ സഹായത്തോടെ പിടികൂടിയത്.
മെയ് 24ന് അർദ്ധരാത്രി കൊല്ലം കമ്മിഷണർ ഓഫീസിന് സമീപം കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന മുണ്ടയ്ക്കൽ സ്വദേശി രാജേന്ദ്രൻ (65) എന്ന വയോധികനെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട് വാൽപ്പാറയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. നാല് സംഘങ്ങളായി തിരിഞ്ഞ് തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതിയെ കുടുക്കിയത്.
ഇയാൾ ഒരു സീരിയൽ കില്ലർ ആണോ എന്ന കാര്യത്തിൽ പോലീസിന് സംശയമുണ്ട്. ഏപ്രിൽ 19ന് കല്ലുവാതുക്കൽ നടന്ന സമാനമായ മറ്റൊരു വയോധികന്റെ കൊലപാതകവുമായും വിജു സുരേഷിന് ബന്ധമുണ്ടെന്നാണ് നിഗമനം. കൊല്ലപ്പെട്ട രണ്ടുപേരും കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന അനാഥരായ വയോധികരായിരുന്നു. അവരെ കൊലപ്പെടുത്തിയ രീതിയിലുള്ള സമാനതകളുമാണ് ഈ സംശയത്തിന് ആധാരം.
നിലവിൽ രണ്ടാമത്തെ കൊലപാതക കേസിലാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കൊല്ലത്തെത്തിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ ആദ്യ കൊലപാതകത്തിലെ പങ്കും തെളിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഇയാൾക്കെതിരെ തമിഴ് നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ മോഷണത്തിന് ഉൾപ്പെടെ കേസുകൾ ഉണ്ട്. തക്കലയിൽ വായോധികനെ കൊലപ്പെടുത്തിയ കേസിൽ പരോളിൽ ഇറങ്ങിയ ശേഷം കേരളത്തിലേക്ക് വരുകയായിരുന്നു.
ഏപ്രിൽ 19ന് കല്ലുവാതുക്കലിലെ കെട്ടിടത്തിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയതിനു പിന്നിലും വിജു സുരേഷ് ആണോ എന്ന് സംശയിക്കുന്നുണ്ട്. രാജേന്ദ്രൻ കൊല്ലപ്പെട്ടതിന് സമാനമായി തലയ്ക്ക് പരിക്കേറ്റ് തലയിൽ ചോരവാർന്ന് മരിച്ച നിലയിലാണ് വയോധികനായ രവീന്ദ്രനെ കണ്ടെത്തിയത്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷമേ കാര്യങ്ങൾ പറയാനാകൂ എന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്‌ച പുലർച്ചെ കൊല്ലത്ത് എത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും.
